കോഴിക്കോട്: അർഹരായ 250 പേർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് നടൻ മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയറും, സി.പി.മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് ആയിരിക്കും വാക്സിനേഷൻ നൽകുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മതിലകത്ത് ആരംഭിക്കുന്ന സി.പി.ട്രസ്റ്റ് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രം സന്ദർശിക്കവെയാണ് മമ്മൂട്ടിയുടെ പ്രതികരണം. സി.പി.മുഹമ്മദ് മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.പി.സാലിഹിനൊപ്പമാണ് മമ്മൂട്ടി സി.എഫ്.എല്‍.ടി.സിയിലെത്തിയത്.
അതേസമയം, കോഴിക്കോട് മെയ്ത്ര ആശുപത്രിയുടെ ഉദ്ഘാടനത്തിനിടെ മമ്മൂട്ടി നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. ഇടതുകാലിന്റെ ലിഗ്മെന്റ് പൊട്ടിയിട്ട് 21 വര്‍ഷമായെന്നും ഇതുവരെ ശസ്ത്രക്രിയ നടത്തി ശരിയാക്കാന്‍ നോക്കിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഓപ്പറേഷന്‍ ചെയ്താല്‍ ഇനിയും കാല് ചെറുതാകുമെന്നും പിന്നെയും ആളുകള്‍ കളിയാക്കുമെന്നുമായിരുന്നു തമാശയായി മമ്മൂട്ടി പറഞ്ഞത്. പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങളൊക്കെ കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഭീഷ്മപര്‍വം ആണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുള്ള സിനിമ. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകുന്ന പുഴു, സിബിഐ ഫൈവ് എന്നിവയും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ പ്രൊജക്ടുകളാണ്.
Post Your Comments