കൊച്ചി: ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നുവന്ന താരമാണ് റിമ കല്ലിങ്കൽ. അഭിനയത്തിനൊപ്പം നൃത്തത്തിലും മികവ് തെളിയിച്ച കലാകാരിയാണ് റിമ. സമകാലിക സംഭവങ്ങളിൽ നിലപാട് വ്യക്തമാക്കാറുള്ള താരം സോഷ്യൽ മീഡിയയിലും സജീവമാണ്. കോവിഡ് കാലത്ത് തിയേറ്ററുകള്‍ നന്നായി മിസ്സ് ചെയ്യുന്നുണ്ടെന്ന് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ റിമ പറയുന്നു.
തിയേറ്ററുകള്‍ തുറക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും തിയേറ്ററില്‍ പോയി പടം കാണുന്നത് വേറിട്ട ഒരു അനുഭവമാണെന്നും റിമ പറയുന്നു. ഒ.ടി.ടിയാണെങ്കില്‍ ആരെങ്കിലും വന്നാലൊക്കെ നമുക്ക് പെട്ടെന്ന് പോസ് ചെയ്യാമെന്നും എന്നാല്‍ തിയേറ്ററില്‍ പോയി പടം കാണുന്നത് അതുപോലെ അല്ല എന്നും താരം പറയുന്നു.
‘ഡ്രെസ്സ് ചെയ്ത്, വണ്ടിയോടിച്ച് പോയി, ക്യൂ നിന്ന്, പോപ്കോണ്‍ മേടിച്ച് സീറ്റൊക്കെ പിടിച്ച്, ചില കോമഡി പരസ്യങ്ങളൊക്കെ കണ്ട് പടം കാണുന്നത് വലിയ പേഴ്സണല്‍ എക്സ്പീരിയന്‍സ് ആണ്. അത് തിരികെ വേണം. എന്നാൽ ലോകം മുഴുവനുള്ള ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റുന്നത് ഒടിടി നല്കുന്ന വലിയ സൗകര്യമാണ്.’ റിമ പറയുന്നു. മലയാള സിനിമകള്‍ ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാലത്ത് ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിമ വ്യക്തമാക്കി.
Post Your Comments