കൊച്ചി: നടനും നിർമാതാവുമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടില്‍ ഭക്ഷ്യമന്ത്രി തന്നെ നേരിട്ടെത്തി ഓണക്കിറ്റ് നല്‍കിയ നടപടി വിവാദമായിരിക്കുകയാണ്. ഓണക്കിറ്റ് നൽകിയതിൽ എന്തിനാണ് ഇത്ര പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ചോദിക്കുകയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല എന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘അനാവശ്യ വിവാദങ്ങളാണ് ഇതൊക്കെ. എന്തൊക്കെയോ അനാവശ്യങ്ങള്‍ പറയണം എന്നതുകൊണ്ട് വെറുതെ പറയുന്നതാണ്. കൊടുക്കാന്‍ അര്‍ഹതയുള്ള സ്ഥലത്തല്ലേ കൊടുത്തത്. അനര്‍ഹമായത് ഒന്നും കൊടുത്തിട്ടില്ല. ഒരാള്‍ക്ക് ഒരു ദിവസം നേരത്തെ കിറ്റ് കൊടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്‌നം ഉണ്ടോ. അളവില്‍ ഒന്നും ഒരു മാറ്റവുമില്ലല്ലോ. പൊതു വിതരണം രംഗത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞ വ്യക്തിയാണ് മണിയന്‍പിള്ള രാജു. സ്വാഭാവികമായിട്ടും കിറ്റ് വിതരണം നടത്തുമ്പോള്‍ ആ വീട്ടില്‍ പോവുകയെന്ന ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊരു വിവാദ വിഷയമാക്കേണ്ട കാര്യമില്ല. അനര്‍ഹമായ കാര്യം ചെയ്തിട്ടില്ല’- ഭക്ഷ്യമന്ത്രി പറഞ്ഞു.
മുന്‍ഗണന ഇതരവിഭാഗത്തിലെ വെള്ള നിറത്തിലുള്ള റേഷന്‍കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന്‍റെ വീട്ടിൽ ആഗസ്ത് 3ന് എത്തിയാണ് ഭക്ഷ്യമന്ത്രി കിറ്റ് വിതരണം ചെയ്തത്. ജൂലൈ 31നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് ഓണക്കിറ്റ് വിതരണം തുടങ്ങിയത്. അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകൾക്കാണ് ഓഗസ്റ്റ് 3 വരെ കിറ്റ് വിതരണം ചെയ്യാൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. എന്നാൽ മുൻഗണന ഇതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത റേഷൻ കാർഡിലെ അംഗമാണ് മണിയൻപിള്ള രാജു.
Post Your Comments