ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്ക്കെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമയുടെ തിരക്കഥാകൃത്ത് സുനീഷ് വാരനാട്.
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ എന്ന സിനിമയില്‍ ഇല്ലെന്ന് അദ്ദേഹം പറയുന്നു. ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും സുനീഷ് തെന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
സുനീഷ് വരാനാടിന്റെ വാക്കുകൾ:
മനുഷ്യത്ത്വത്തിന്റേയും ,മതസൗഹാർദ്ദത്തിന്റേയും ഉദാത്തമാതൃകകൾ തീർത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോൾ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങൾ സൃഷ്ടിക്കാൻ പുറപ്പെടുന്നവരുടെ യഥാർത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാൻ പ്രബുദ്ധകേരളത്തിലെ മലയാളികൾക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.ഞാൻ കഥയും, തിരക്കഥയും, സംഭാഷണവുമെഴുതി പ്രിയപ്പെട്ട നാദിർഷിക്ക സംവിധാനം ചെയ്ത ‘ഈശോ’ എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങൾക്കുള്ള പ്രതികരണമാണീ പോസ്റ്റ്.
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകൻ നാദിർഷിക്കയ്ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നൽകുന്നു. പിന്നെന്ത് കൊണ്ടാണീ പേര് സിനിമയ്ക്ക് വന്നത് എന്നത് സിനിമ കണ്ടു കഴിയുമ്പോൾ മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂവെന്നേ ഇപ്പോൾ പറയാൻ കഴിയൂ. കസന്‍ദ്സാക്കിസിന്റെ നോവലിനേയും സ്കോര്‍സെസെയുടെ സിനിമയേയും, ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചർച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം.അന്നൗൺസ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്നം മനസ്സിലാകുന്നില്ല.അപ്പോൾ പ്രശ്നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ?. ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂ.
ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ. നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും.
അയല്ക്കാരന് ഹിന്ദുവോ, മുസ്ളീമോ എന്ന് നോക്കി സ്നേഹിക്കാനല്ല, അയല്‍ക്കാരനെ സ്നേഹിക്കൂ എന്നാണ് വചനം. അതുകൊണ്ട് തന്നെ ദൈവവചനത്തിന്റെ വിശാലാര്‍ത്ഥത്തില്‍ നിന്ന് വഴുതിപ്പോയി കാര്യങ്ങളെ കാണേണ്ട കാര്യമില്ലല്ലോ? നമുക്കീ മഹാമാരിക്കാലത്ത് പരസ്പരം സ്നേഹിക്കാനും, സഹകരിക്കാനും, ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ചീ മഹാമാരിയെ നേരിടാനും ശ്രമിക്കാം.കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോ?
Post Your Comments