GeneralLatest NewsMollywoodNEWS

നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല: നടൻ നാസർ മുഹമ്മദിന്റെ മരണത്തിൽ പ്രതികരിച്ച് സംവിധായകൻ ശ്രീകുമാർ

ഒരു കലാകാരൻ ആവുക എന്നതും തമാശ പറയുക എന്നതും മാത്രമായിരുന്നു അദ്ദേഹം ചെയ്ത തെറ്റെന്ന് ശ്രീകുമാർ

അഫ്ഗാനിസ്താനിലെ ജനപ്രിയ ഹാസ്യ താരം നാസർ മുഹമ്മദിനെ താലിബാൻ ഭീകരർ അതിക്രൂരമായി കൊന്ന സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ. ഒരു കലാകാരൻ ആവുക എന്നതും തമാശ പറയുക എന്നതും മാത്രമായിരുന്നു അദ്ദേഹം ചെയ്ത തെറ്റെന്ന് ശ്രീകുമാർ പറയുന്നു. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പറയാനാവുക എന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.

ശ്രീകുമാറിന്റെ വാക്കുകൾ:

കെട്ട കാലങ്ങളിലെല്ലാം നമുക്ക് താങ്ങായി നിന്നവരാണ് ആർടിസ്റ്റുകൾ. ചിത്രം വരയ്ക്കുന്നവർ, എഴുത്തുകാർ, അഭിനേതാക്കൾ, സിനിമാ-നാടക പ്രവർത്തകർ, കവികൾ, കൊമേഡിയന്മാർ. ഭരണാധികാരികളും അവർ നയിച്ച ജനതകളുമെല്ലാം വഴിതെറ്റി നടക്കുമ്പോഴും തെളിച്ചം നൽകി നേരെ നടത്തിയവർ. അതുകൊണ്ടു തന്നെ മൗലികവാദികളും ഫാസിസ്റ്റുകളും ഏകാധിപതികളുമെല്ലാം എന്നും ഭയന്നതും അവരെയാണ്. ‘നൂറു ബയണറ്റുകളെക്കാൾ ശക്തിയുള്ള’ അവരുടെ വാക്കുകളെയാണ്.

നാസർ എന്ന വാക്കിന്റെ അർത്ഥം താങ്ങ്, ആശ്വാസം എന്നെല്ലാമാണ്. അരക്ഷിതരായ അഫ്ഗാൻ ജനതയ്ക്ക് ആ താങ്ങായിരുന്നു നിങ്ങൾ. അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനിൽക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു അത്. പ്രിയ നാസർ മുഹമ്മദ്, ഖഷ സ്വാൻ… ഒരു കലാകാരനാവുക എന്നത്, തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങൾ ചെയ്ത കുറ്റം. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പറയാനാവുക. ആദരാഞ്ജലികൾ

shortlink

Post Your Comments


Back to top button