
മുംബൈ: അശ്ലീല ചിത്ര നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കും നിർമാതാവ് എക്താ കപൂറിനുമെതിരെ മൊഴി നൽകാൻ പോലീസിൽ നിന്ന് സമ്മർദ്ദമുണ്ടായതായി നടി ഗെഹന വസിഷ്ഠ. കേസിൽ അറസ്റ്റ് ഒഴിവാക്കുന്നതിനായി മുംബൈ പൊലീസ് കൈക്കൂലി ആവശ്യപ്പെട്ടതായും നടി വെളിപ്പെടുത്തി. 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗെഹന പറഞ്ഞു.
‘പണം നൽകിയാൽ എന്നെ അറസ്റ്റു ചെയ്യില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ തെറ്റൊന്നും ചെയ്യാത്തതു കൊണ്ട് ഞാൻ പണം നൽകിയില്ല. രാജ് കുന്ദ്ര നിർമിച്ച ഹ്രസ്വ ചിത്രങ്ങളിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും അശ്ലീല ചിത്രങ്ങളല്ല. പോലീസിനെ അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ ഭീഷണിപ്പെടുത്തി. പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ രാജ് കുന്ദ്രയ്ക്കും, എക്താ കപൂറിനുമെതിരെ മൊഴി നൽകാനും സമ്മർദ്ദമുണ്ടായി. എന്നാൽ താൻ വിസ്സമ്മതിക്കുകയായിരുന്നു’ ഗെഹന പറഞ്ഞു. അശ്ലീല ചിത്ര നിർമാണവും അഭിനയവുമായി ബന്ധപ്പെട്ട് നാലു മാസത്തോളം ജയിലിൽ കഴിഞ്ഞ ഗെഹനയ്ക്കെതിരെ പൊലീസ് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Post Your Comments