മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നൂറോളം സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് പ്രിയദർശൻ. പല പ്രമുഖ തെന്നിന്ത്യന്‍ സംവിധായകരും പരാജയപ്പെട്ട ബോളിവുഡില്‍ ഇപ്പോഴും തിളങ്ങി നിൽക്കുന്ന ഒരേ ഒരു സംവിധായകനും അദ്ദേഹമാണ്. ആര് വർഷങ്ങൾക്ക് ശേഷം പ്രിയൻ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഹംഗാമ-2 റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ സിനിമ കണ്ട പലരും അഭിനേതാക്കളുടെ പ്രകടനം മിന്നാരത്തിലെ അത്രപോരാ എന്ന് പറഞ്ഞ് വിമര്‍ശനമുന്നയിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ പ്രിയദർശൻ .
മലയാളത്തിലെ അഭിനേതാക്കള്‍ മാസ്റ്റര്‍ ആക്ടേഴ്സാണ്. മോഹന്‍ലാലും തിലകനും ജഗതിയും ശോഭനയുമെല്ലാം തരുന്ന അതേ ഔട്ട്പുട്ട് ബോളിവുഡില്‍ കിട്ടില്ല. മലയാളിക്ക് ഒരിക്കലും റീമേക്കുകള്‍ ദഹിക്കില്ല എന്ന് പ്രിയദർശൻ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയദർശന്റെ വാക്കുകൾ:
‘ഹംഗാമ-2 മലയാളികള്‍ക്കുവേണ്ടി എടുത്ത സിനിമയല്ല. അത് ഹിന്ദി സംസാരിക്കുന്ന രാജ്യത്തെ വലിയൊരു ഭൂപ്രദേശത്തെ ജനങ്ങള്‍ക്ക് ആസ്വദിക്കാനായി എടുത്ത സിനിമയാണ്. അവര്‍ക്കത് ഇഷ്ടപ്പെമായെങ്കില് സിനിമ വിജയമാണ്. പിന്നെ മിന്നാരവുമായി ഹംഗാമ-2നെ താരതമ്യം ചെയ്യേണ്ടതില്ല. കാരണം ഒറിജിനല്‍ ഈസ് ഓള്‍വെയ്സ് ഒറിജിനല്‍ എന്നാണല്ലോ. പക്ഷേ, റീമേക്ക് ചെയ്യുമ്പോള്‍ ഒരു സംവിധായകന് എന്ന നിലയില്‍ ഒരുപാട് മെച്ചങ്ങള്‍ എനിക്ക് തോന്നാറുണ്ട്.
മലയാളത്തിലെപ്പോലെ ബജറ്റിന്റെ പരിമിതികളൊന്നും അവിടെയില്ല. അതിനാല്‍ ടെക്നിക്കലിയും വിഷ്വലിയും സിനിമ കുറച്ചുകൂടി മികച്ചതാകും. എന്നാല്‍, അഭിനയത്തിന്റെ കാര്യത്തില്‍ കുറച്ച് താഴോട്ടുപോകും എന്നത് സത്യമാണ്. ഞാന്‍ ഒരുസിനിമ മലയാളത്തില്‍നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ ഒരിക്കലും അവിടെയുള്ള അഭിനേതാക്കളെ ഒറിജിനല്‍ മലയാളം സിനിമ കാണിച്ചുകൊടുക്കാറില്ല. കാരണം അത് കണ്ടാല്‍ ചിലപ്പോള്‍ അവര്‍ മോഹന്‍ലാലിന്റെയും മറ്റും അഭിനയം അനുകരിക്കാന്‍ നോക്കുകയും സ്വതസിദ്ധമായ അഭിനയം കാഴ്ച വെക്കാനാകാതെ പരാജയപ്പെടുകയും ചെയ്യും. ആ തീരുമാനം നല്ലതാണെന്ന് അക്ഷയ് കുമാര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്’ – പ്രിയദർശൻ പറഞ്ഞു.
Post Your Comments