
സൂര്യയുടെ അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്ത് കണ്ണൻ താമരക്കുളം. തന്‍റെ പുതിയ ചിത്രമായ വിരുന്നിലാണ് രാജാജി നഗറില്‍ നിന്നുള്ള കുട്ടികൾ അഭിനയിച്ചത്. അർജുന്‍ സര്‍ജ, നിക്കി ഗൽറാണി എന്നിവര്‍ക്കൊപ്പമാണ് ഇവരുടെ അരങ്ങേറ്റം.
നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് തിരുവനന്തപുരം രാജാജി നഗറിലെ ഈ കുട്ടികൾ അയൻ സിനിമയുടെ നൃത്തരംഗം പുനരാവിഷക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അവര്‍ ചെയ്ത സിനിമാ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും ഏറെ പ്രശംസിക്കപ്പെട്ടതിന് പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി.
മൊബൈൽ ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെയാണ് ചിത്രീകരണവും എഡിറ്റിംഗും നടത്തിയത്. സൂര്യ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതോടെ സംഗതി സൂപ്പര്‍ ഹിറ്റ്. വിജയ്‍യുടെയും സൂര്യയുടെയും പിറന്നാളിനായിരുന്നു കുട്ടികള്‍ തങ്ങളുടെ ഇഷ്ട നായകന്മാരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ പുനരാവിഷ്ക്കരിച്ചത്.
സിനിമയിൽ അഭിനയിക്കാനാണ് അടുത്ത ശ്രമമെന്ന് കുട്ടികൾ അന്നേ പറഞ്ഞിരുന്നു ഇത് ശ്രദ്ധയിൽപെട്ട സംവിധായകൻ കണ്ണൻ താമരക്കുളം ഇവരെ തേടിയെത്തുകയായിരുന്നു. തുടര്‍ന്ന് ‘വിരുന്ന്’ എന്ന സിനിമയിൽ പതിനൊന്നംഗ സംഘത്തിന് വേഷവും നൽകുകയായിരുന്നു. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ നായിക നിക്കി ഗിൽറാണിയെ തട്ടിക്കൊണ്ട് പോകുന്ന അജയ് വാസുദേവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളായാണ് ഇവർ വെള്ളിത്തിരയിൽ എത്തുന്നത്.
കുട്ടികളുടെ നൃത്തരംഗം കണ്ട് അത്ഭുതപ്പെട്ട നിക്കിയും സെറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. സിനിമയിൽ എഡിറ്റർ ആകണമെന്നതാണ് നൃത്തരംഗവും സ്റ്റണ്ടും എഡിറ്റ് ചെയ്ത അബിയുടെ ആഗ്രഹം. ഇതിന്‍റെ തുടക്കമായി അബിയെ എഡിറ്റര്‍ വി.ടി ശ്രീജിത്ത് തന്‍റെ സഹായിയാക്കുകയും ചെയ്തു. തന്‍റെ തുടര്‍ന്നുള്ള സിനിമകളിലും കൂടെ കൂട്ടുമെന്ന് ശ്രീജിത്ത് പറഞ്ഞു. പി.ആര്‍.ഓ. സുനിത സുനില്‍.
Post Your Comments