കോവിഡ് മഹാമാരിയുടെ വലിയ പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ ജനുവരി അവസാനം പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത ‘കാറ്റ് കടൽ അതിരുകൾ’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രം ഒടിടി പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നു. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആരംഭിച്ചിരിക്കുന്ന ആക്-ഷൻ'(action) എന്നഒടിടി പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് പത്തൊമ്പതിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
വളരെ വിവാദമായ ഒരു പ്രമേയമാണ് ഈ ചിത്രത്തിലൂടെ സമദ് മങ്കട അവതരിപ്പിക്കുന്നത്. ടിബറ്റൻ ജനതയുടെ പലായനവും പൗരത്വ വിഷയവുമാണ് ഈ ചിത്രത്തിൻ്റെ കാതലായ പ്രമേയം. സെൻസർ ബോർഡിൻ്റെ ശക്തമായ എതിർപ്പുകൾ ഈ ചിത്രത്തിൻ്റെ പ്രദർശനത്തെ ഏറെ വൈകിപ്പിച്ചിരുന്നു. പിന്നീട് റിവൈസിംഗ് കമ്മറ്റി പരിഗണിക്കുകയും സിനിമയിൽ ഉപയോഗിച്ചിട്ടുള്ള ‘പൗരത്വബിൽ’ എന്ന വാക്കും പശു’ എന്ന വാക്കും ഒഴിവാക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയതും.
ജിയോ ക്രിസ്റ്റി എന്ന ഗവേഷക വിദ്യാർത്ഥിയും ആബിദ ഹസ്സൻ എന്ന ഒരു യുവ മാധ്യമ പ്രവർത്തകയും നടത്തുന്ന രണ്ട് വ്യത്യസ്ഥമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്. അനുമോഹൻ, ലിയോണാലി ഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ.വേണുഗോപാൽ, ശരൺ, തുടങ്ങിയവർക്കൊപ്പം ധാ വാലാമോ എന്ന ടിബറ്റൻ യുവതിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവർക്കൊപ്പം നിരവധി ടി ബറ്റൻ അഭയാർത്ഥികളും അഭിനയിക്കുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷാജി.ഈ.കെ.യാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാഴൂർ ജോസ്.
Post Your Comments