മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് അർഥന ബിനു. നടൻ വിജയകുമാറിന്റെ മകളാണ് അർഥന. സിനിമാ ഇൻഡസ്ട്രിയിൽ ആരുടെ പേരിലും അറിയപ്പെടാൻ താൽപര്യമില്ലെന്നും ഇതുവരെ എത്തിയത് സ്വന്തം പ്രയത്നം കൊണ്ടാണെന്നും ഇനിയും അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്നും താരം പറയുന്നു. മുദ്ദുഗൗ’ ഇറങ്ങിയ സമയത്ത നൽകിയ ഒരു അഭിമുഖത്തെ അടിസ്ഥാനാക്കി ചില വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനു ശ്രദ്ധയിൽപ്പെട്ട അർത്ഥന ആ വാർത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഇപ്പോൾ.
സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളെക്കുറിച്ചു അർത്ഥന പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
read also: പ്രേക്ഷകരെ ഞെട്ടിച്ച പ്രകടനവുമായി മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും: വൈറൽ വീഡിയോ കാണാം
‘എന്റെ ആദ്യ മലയാള സിനിമയായ ‘മുദ്ദുഗൗ’ ഇറങ്ങിയ സമയം മുതൽ ഒരു വ്യാജവാർത്ത പല പല തലക്കെട്ടുകളിലായി ഇടവേളകൾ വച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഈ മാസം 19–ന് പ്രചരിച്ച ഒരു വാർത്തയാണ് ആണ് ഇതിൽ അവസാനത്തേത്. ആ വാർത്ത ഞാൻ കാണുന്നത് തന്നെ രണ്ടു ദിവസം കഴിഞ്ഞാണ്. ഇതുപോലുളള വാർത്താ ലിങ്കുകളുടെ അടിയിൽ വരുന്ന കമന്റുകൾ എന്നെയും എന്റെ വീട്ടുകാരെയും വളരെ മോശമാക്കി ചിത്രീകരിച്ചുകൊണ്ടുള്ളതാണ്. കുറച്ചു ദിവസം കഴിഞ്ഞാൽ ഇതിനൊരവസാനമാകും എന്ന് കരുതിയാണ് ഞാൻ ഇതുവരെ പ്രതികരിക്കാതിരുന്നത്. പക്ഷേ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് പ്രതികരിക്കാതിരുന്നതാണെന്ന് ഇപ്പോൾ തോന്നുന്നു. ‘വിജയകുമാറിന്റെ പേരിൽ അറിയപ്പെടാൻ താല്പര്യപ്പെടുന്നില്ല എന്ന് മകൾ അർഥന’ ഇതാണ് ഒരു വാർത്തയുടെ തലക്കെട്ട്. തലക്കെട്ട് പോട്ടെ അതിന്റെ ഉള്ളില് എഴുതിയിരിക്കുന്നത് ‘ഞാൻ വിജയകുമാറിന്റെ മകൾ അല്ല’ എന്നാണ്. ഈ രണ്ടു കാര്യങ്ങളും ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് ആരുടേയും പേരിൽ അറിയപ്പെടാൻ താല്പര്യമില്ല. ഇക്കാര്യം തുറന്ന് പറഞ്ഞ് നേരത്തെ തന്നെ അഭിമുഖം വാർത്താമാധ്യമത്തിൽ കൊടുത്തിട്ടുണ്ട്. അതിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. ആ കാര്യത്തിൽ ഞാൻ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. ആരുടേയും സഹായത്തോടെ അല്ല ഞാൻ ഇൻഡസ്ട്രിയിൽ വന്നത്’’.– അർഥന പറയുന്നു.
‘വളരെ തരംതാഴ്ന്ന സൈബർ ബുള്ളിയിങ് ആണ് നടക്കുന്നത്. ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണെങ്കിൽ പോട്ടെ, അല്ലെങ്കിൽ ഒരു സാമൂഹ്യ പ്രശ്നമാകണം, ഇതിൽ നാട്ടുകാർക്ക് പല അഭിപ്രായങ്ങളും കാണും എന്നു തന്നെ വിചാരിക്കാം, പക്ഷേ എന്റെ കുടുംബത്തെക്കുറിച്ചോ എനിക്ക് വ്യക്തിപരമായി ബന്ധമുള്ളവരെക്കുറിച്ചോ പറയാൻ ഇവരൊന്നും ആരുമല്ല. എന്നെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരാണ് ഈ വാർത്തകൾ ഉണ്ടാക്കുന്നത്. ഈ വാർത്തകളുടെ ഉറവിടം എവിടെയാണെന്ന് എനിക്ക് ചെറിയ ഒരു ധാരണ ഉണ്ട്, പക്ഷേ അതാണോ എന്ന് ഉറപ്പുമില്ല. 2016 ൽ മുദ്ദുഗൗ റിലീസ് ആയ സമയത്ത് കുറച്ച് മാധ്യമങ്ങൾ എന്റെ അഭിമുഖം ചെയ്തിരുന്നു. ഒരു പത്രത്തിൽ നിന്നും വിളിച്ചപ്പോൾ എന്റെ പേര് ചോദിച്ചു ഞാൻ അർഥന ബിനു എന്ന് പറഞ്ഞു അപ്പൊ അവർ ചോദിച്ചു ‘എന്താണ് ഇങ്ങനെ ഒരു പേര്, നിങ്ങൾ വിജയകുമാറിന്റെ മകൾ അല്ലെ’ എന്ന്. ‘അച്ഛനെപ്പറ്റി കൂടുതൽ പറയാൻ താല്പര്യപെടുന്നില്ല, ഓരോരുത്തർക്കും ഓരോ വ്യക്തിപരമായ താല്പര്യമില്ലേ’ എന്നാണു ഞാൻ പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ തയാറെടുക്കുമ്പോൾ വിജയകുമാർ എന്തൊക്കെ ഉപദേശങ്ങളാണ് തന്നിട്ടുള്ളത് എന്നായിരുന്നു അടുത്ത ചോദ്യം. ഞാൻ പറഞ്ഞു നമുക്ക് മറ്റു വല്ലതും സംസാരിക്കാം, വ്യക്തിപരമായ കാര്യങ്ങൾ പറയാൻ താല്പര്യമില്ല എന്ന്. പിന്നെ അവർ പലതും ചോദിച്ചു ഞാൻ മറുപടി പറഞ്ഞു. അതിനു ശേഷം ഞാൻ പല ഓൺലൈൻ മാധ്യമങ്ങളിലും കണ്ട വാർത്ത എനിക്ക് വിജയകുമാറിന്റെ മകളായി അറിയാൻ താല്പര്യമില്ല എന്നാണ്.
പക്ഷേ ഈയിടെയായി ഈ വാർത്ത വരുന്ന മാധ്യമങ്ങളുടെ എണ്ണവും അത് എടുത്തു റീപോസ്റ്റ് ചെയ്യുന്നവരുടെ എണ്ണവും കൂടുകയാണ്. എന്റെ അമ്മയുടെ മാതാപിതാക്കളുടെ കൂടെയാണ് ഞങ്ങൾ താമസിക്കുന്നത്. ഇത്രയും നാൾ ഞങ്ങളുടെ കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു. ഇപ്പൊ അപ്പച്ചൻ ഞങ്ങളുടെ കൂടെ ഇല്ല. ഞാനും അമ്മയും അമ്മച്ചിയും അനുജത്തിയും അടങ്ങുന്ന കുടുംബമാണ് ഞങ്ങളുടേത്. ഇങ്ങനെയുള്ള വാർത്തകൾ ഇടയ്ക്കിടെ വരുന്നത് എന്നെ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്യുന്ന കാര്യമാണ്. ഒരുപക്ഷേ നിങ്ങൾക്കാർക്കും എന്റെ ജീവിതത്തെപ്പറ്റി ഒന്നും അറിയില്ലായിരിക്കാം. ഒരു താരപുത്രിയുടെ ജീവിതം എങ്ങനെയാണു എന്ന് എനിക്കറിയില്ല, കാരണം ഞാൻ അത് അനുഭവിച്ചിട്ടില്ല. പക്ഷേ, സിനിമാമേഖലയിൽ എനിക്ക് ബന്ധമുള്ള ഒരാൾ എനിക്കെതിരെ പ്രവർത്തിക്കുകയും എനിക്ക് വരുന്ന ഓഫറുകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അത് നേരിട്ട് മനസ്സിലാക്കിയ ഒരാളാണ് ഞാൻ. എന്നിട്ടും ഞാൻ ധൈര്യമായി നിൽക്കുന്നത് എനിക്ക് എന്റെ കഴിവിലും കഠിനാധ്വാനത്തിലും വിശ്വാസമുള്ളതുകൊണ്ടാണ്’’.– താരം പറയുന്നു.
Post Your Comments