കോള്‍ഡ് കേസ് എന്ന ചിത്രത്തിന് പിന്നാലെ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭ്രമം, കുരുതി എന്നീ ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു എന്ന് സമൂഹമാധ്യമങ്ങളിലെ ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.
ഇരു ചിത്രങ്ങളും രണ്ടാം കൊവിഡ് തരംഗത്തിന് മുമ്പ് തന്നെ ഷൂട്ടിങ്ങ് ഏകദേശം പൂര്‍ത്തിയായവയാണ്. നിലവില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഒന്നും തന്നെ ആയിട്ടില്ല. ഇതാണ് ചിത്രങ്ങൾ വീണ്ടും ഒടിടി റിലീസിലേക്ക് തന്നെ പോകാൻ കാരണമാകുന്നത്.
ബോളിവുഡ് ചിത്രം അന്ധാധുന്നിന്റെ മലയാളം റീമേക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന് രവി കെ ചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
അതേസമയം മെയ് 13നായിരുന്നു കുരുതിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ‘കുരുതി’യില്‍ പൃഥ്വിരാജിനോടൊപ്പം റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments