കോഴിക്കോട്: കോഴിക്കോട് സ്ഥിര താമസമാക്കിയ ബംഗാളി കുടുംബത്തിലേക്ക് അപ്രതീഷിതമായി നടൻ ദിലീപിന്റെ വീഡിയോ കോൾ. മലയാളത്തെ ഏറെ സ്നേഹിക്കുന്ന റോക്ഷത് ഖാത്തൂൻ എന്ന പെൺകുട്ടിക്ക് നടൻ ദിലീപിനോടുള്ള കടുത്ത ആരാധനയാണ് ആ കുടുംബത്തെ തേടി ജനപ്രിയ നടന്റെ കോൾ വന്നതിന് പിന്നിൽ. ദിലീപ് ചിത്രങ്ങൾ മാത്രം കാണുന്ന റോക്ഷത് ദിലീപിനോടുള്ള തന്റെ ആരാധന മനോരമ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിപ്പെട്ടതോടെയാണ് ദിലീപ് കുട്ടിക്ക് സർപ്രൈസായി വീഡിയോ കോളിൽ എത്തിയത്.
കോഴിക്കോട് വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ റോക്ഷത് ഖാത്തൂൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി പത്താംതരം പൂർത്തിയാക്കിയതോടെയാണ് വാർത്തകളിൽ ഇടം പിടിച്ച് തുടങ്ങിയത്. തുടർന്നാണ് കുട്ടിയുടെ മലയാളത്തിനോടുള്ള ഇഷ്ടവും താര ആരാധനയെ കുറിച്ചുമെല്ലാം പുറത്തറിഞ്ഞു തുടങ്ങിയത്.
‘ഒരിക്കലും പ്രതീക്ഷിച്ചില്ല ദിലീപേട്ടൻ വിളിക്കുമെന്നും അദ്ദേഹത്തോട് വീഡിയോ കോളിൽ സംസാരിക്കാൻ കഴിയുമെന്നും. എല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നുന്നത്. കോൾ കട്ടായ ശേഷം ഞാൻ എന്നെത്തന്നെ പലവട്ടം നുള്ളി നോക്കി, സ്വപ്നമാണോ യാഥാർഥ്യമാണോ ഇതെന്ന് അറിയാൻ. വളരെ കാലത്തെ, വളരെ വലിയ ഒരു ആഗ്രഹമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്. കൂട്ടുകാരോടും ബന്ധുക്കളോടും എല്ലാം ഞാൻ ഈ സന്തോഷം അറിയിച്ചുകൊണ്ടിരിക്കുകയാണ്’– റോക്ഷത് പറയുന്നു.
കൊൽക്കത്തയിൽ നിന്ന് കേരളത്തിലെത്തിയതാണ് റോക്ഷത്തിന്റെ അച്ഛൻ റഫീഖ്. കുടുംബത്തിലെ എല്ലാവരോടും ദിലീപ് സംസാരിച്ചു. റഫീഖും ദിലീപിന്റെ കടുത്ത ആരാധകനാണ്. അടുത്ത തവണ കോഴിക്കോട്ടുു വരുമ്പോൾ തീർച്ചയായും നേരിൽ കാണാമെന്ന ഉറപ്പു നൽകിയ ദിലീപ്, ജീവിതത്തിൽ ഉയരങ്ങളിലെത്തട്ടെ എന്ന് തന്റെ കുഞ്ഞാരാധികയെ ആശംസിക്കുകയും ചെയ്തു.
Post Your Comments