തൃശൂർ: സംവിധായകൻ മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി രംഗത്ത്. മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നുവെന്ന് പ്രതാപൻ പറയുന്നു. അച്ചുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണൻ ആഭ്യന്തര മന്ത്രിയുമായ ഇടത് സർക്കാരാണ് ബീമാപ്പള്ളി വെടിവെപ്പ് നടത്തിയതെന്നും മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
സിനിമയിലെ പ്രതിനിധാനങ്ങൾ കാരണം ചിത്രത്തിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോൾ നിലനിക്കുന്നതല്ലെന്നും റമദാപള്ളി വെടിവെപ്പ് ബീമാപ്പള്ളി വെടിവെപ്പായി വായിക്കപ്പെടുകയാണെന്നും പ്രതാപൻ പറയുന്നു. ഭാഷയുടെ ദൃശ്യതയുടെ സാധ്യതകൾ മഹേഷിന് അറിയാമെന്നും സിനിമ അതെത്ര ആഴത്തിൽ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് സങ്കേതങ്ങൾ പുലർത്തുന്ന ഇസ്ലാംപേടിയുടെ, മുൻധാരണകളുടെ നിരവധിയായ പ്രതിഫലനങ്ങൾ ‘മാലിക്’ കാണിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ടി എൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മാലിക് മികച്ചൊരു സിനിമാനുഭവം എന്ന നിലക്ക് മനസ്സിൽ തങ്ങിനിൽക്കുമെന്ന് കരുതിയാണ് കണ്ടുതുടങ്ങിയതെങ്കിലും അതുണ്ടായില്ല; കാരണം വഴിയേ പറയാം.
അതേസമയം ഫഹദ് ഫാസിൽ, നിമിഷ സജയൻ, വിനയ് ഫോർട്ട്, ജോജു, ജലജ, സനൽ അമൻ, ഇന്ദ്രൻസ്, സലിം കുമാർ എന്നിങ്ങനെ തുടങ്ങിയുള്ള താരനിര ഗംഭീര അഭിനയമാണ് കാഴ്ചവെച്ചത്. ഛായാഗ്രഹണം, കലാസംവിധാനം, സംവിധാനം, സംഗീതം എന്നിവയും നല്ല നിലവാരം പുലർത്തിയെന്നത് മലയാള സിനിമക്ക് മുതൽക്കൂട്ടാണ്. ലോക സിനിമാ ഭൂപടത്തിൽ മലയാളത്തെ അടയാളപ്പെടുത്താൻ ഫഹദ് ഫാസിൽ എന്നൊരു ബ്രാൻഡ് കൂടി ഉണ്ടാകുന്നു എന്നത് ‘മാലിക്’ വ്യക്തമാക്കുന്നു.
സിനിമ ഒരു കലയാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ട വിഷയവുമാണ്. ഇതെല്ലം അംഗീകരിച്ചുകൊണ്ടുതന്നെ ഏറെ ഗൗരവത്തോടെ പറയട്ടെ, മഹേഷ് നാരായണന് സിനിമ എന്ന കലയിലൂടെ കുറച്ചുകൂടി സത്യസന്ധത ആകാമായിരുന്നു. ‘മാലിക്’ ഒരു ഭാവനാസൃഷ്ടിയാണ്. ഇതിന് ബീമാപ്പള്ളി വെടിവെപ്പുമായി ബന്ധമൊന്നുമില്ല എന്ന വിശദീകരണം ഇപ്പോൾ നിലനിക്കുന്നതല്ല. അതിന്റെ കാരണം, ഒന്ന് സിനിമയിലെ പ്രതിനിധാനങ്ങളാണ്. മറ്റൊന്ന് മഹേഷിന്റെ തന്നെ വാക്കും: കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ ഉണ്ടായ സംഭവങ്ങളുടെ ആവിഷ്ക്കാരമാണ് ‘മാലിക്.’
റമദാപള്ളി വെടിവെപ്പ് ബീമാപ്പള്ളി വെടിവെപ്പായി വായിക്കപ്പെടുകയാണ്. ഭാഷയുടെ ദൃശ്യതയുടെ സാധ്യതകൾ മഹേഷിന് അറിയാം. സിനിമ അതെത്ര ആഴത്തിൽ ഫലിപ്പിക്കും എന്നതിനെ പറ്റിയും മഹേഷിന് നല്ല ബോധ്യമുണ്ട്. ബീമാപ്പള്ളി വെടിവെപ്പ് എന്ന ഭരണകൂട ഭീകരതയുടെ ഏടുകളിലേക്ക് കേരളം മുഴുവൻ തിരിഞ്ഞു നടക്കുന്നുണ്ട് ഇപ്പോൾ. അവിടെ അധികാരഭിംബം കമ്യുണിസ്റ്റ് സർക്കാരാണ്. അച്ചുതാനന്ദൻ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷണൻ ആഭ്യന്തര മന്ത്രിയായ ഇടത് സർക്കാരാണ് ബീമാപ്പള്ളി വെടിവെപ്പ് നടത്തിയത്. ഓർമ്മകൾ വീണ്ടെടുക്കപ്പെടുന്നു എന്നത് വലിയ കാര്യമാണല്ലോ. വിപരീത ഫലത്തിനാലാണെങ്കിലും മഹേഷിന്റെ സിനിമ അതിന് നിമിത്തമാകുന്നു.
മഹേഷിന്റെ ‘മാലിക്’ ഇടത് സർക്കാരിനെ വിമർശിക്കാനോ വിരൽചൂണ്ടാനോ തയ്യാറാവാത്തത് എന്തുകൊണ്ടായിരിക്കും! ഇപ്പോൾ ബോളിവുഡിൽ നടക്കുന്ന പ്രോപഗണ്ട സിനിമകളുടെ മറ്റൊരു വകഭേദമാവില്ലേ ഇത്തരം സിനിമാ ശ്രമങ്ങൾ! ഇടത് സങ്കേതങ്ങൾ പുലർത്തുന്ന ഇസ്ലാംപേടിയുടെ, മുൻധാരണകളുടെ, വാർപ്പുനിർമ്മിതികളുടെ നിരവധിയായ പ്രതിഫലനങ്ങൾ ‘മാലിക്’ കാണിക്കുന്നു. വില്ലന്റെ പാർട്ടി, കൊടി, പേര്, പാർട്ടി ഓഫീസിലെ ചിത്രങ്ങൾ, സുനാമിക്കാലത്ത് മതം നോക്കി പടിയടക്കുന്ന പള്ളിക്കമ്മിറ്റി, ആയുധം-അക്രമം- അധികാര വിതാനം- ഇതിലെ ഗൾഫ് പണത്തിന്റെ സ്വാധീനം എന്നിങ്ങനെ അനവധിയുണ്ട് എണ്ണാൻ. ‘മാലിക്’ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുന്നത്ത് കാണുമ്പോൾ മലയാള സിനിമയെ ഓർത്ത് അഭിമാനവും അതിലെ പ്രതിനിധാനങ്ങൾ ഉണ്ടാക്കാനിടയുള്ള പ്രത്യഘാതങ്ങൾ ഓർത്ത് നിരാശയും പരക്കുന്നു.
Post Your Comments