മുംബൈ: അശ്ലീല സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിൽ നിലപാട് വ്യക്തമാക്കി ശില്‍പ്പ ഷെട്ടി. അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഏതാനും വരികളാണ് ശില്‍പ്പ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
‘കോപത്തോടെ പിന്നിലേക്കും ഭയത്തോടെ മുന്നോട്ടും നോക്കരുത്. എന്നാല്‍ ചുറ്റുമുള്ളതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം. നമ്മളെ വേദനിപ്പിച്ചവരെയും നേരിട്ട അനുഭവത്തെയും കോപത്തോടെയായിരിക്കും നാം ഓര്‍ത്തെടുക്കുക. ജോലി പോകുമോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളോടെയാണ് നാം മുന്നോട്ട് പോകുന്നത്. നമ്മള്‍ എവിടെയാണോ അവിടെ ഉണ്ടായിരിക്കുക. ഇനി എന്തെന്നോ എങ്ങനെയെന്നോ ആശങ്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ അതെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം.
ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് ഭാഗ്യമായി കരുതി ദീര്‍ഘനിശ്വാസം എടുക്കുന്നു. മുന്‍കാലങ്ങളിൽ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാന്‍ കഴിയുന്നില്ല.’ എന്നാണ് ശില്‍പ്പ ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
Post Your Comments