
കൊച്ചി: പീഡനക്കേസ് ഒതുക്കിത്തീർക്കാൻ ഫോൺ വിളിച്ച സംഭവത്തിൽ മന്ത്രി എ.കെ ശശീന്ദ്രന് രാജി വയ്ക്കേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് നടന് ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കില്‍ ഒരു പ്രൊട്ടക്ഷന്‍ കിട്ടുമത്രേ’എന്നാണ് ജോയ് മാത്യു സർക്കാർ നിലപാടിനെ പരിഹസിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശശി എന്ന പേരില്‍ മുമ്പ് ഉണ്ടായ സമാനമായ വിവാദം കൂടി ഓര്‍മ്മിപ്പിച്ചാണ് ജോയ് മാത്യുവിന്റെ പരിഹാസം.
അതേസമയം, കേസിൽ എ.കെ ശശീന്ദ്രന് തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പാര്ട്ടിക്കാര് തമ്മിലുള്ള തര്‍ക്കമാണ് മന്ത്രി എ കെ ശശീന്ദ്രന് അന്വേഷിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പെണ്‍കുട്ടി വിലപേശാനുള്ള ജീവിയായി മാറരുതെന്നും അന്തസും ആത്മാഭിമാനവും സംരക്ഷിച്ച് പോകണമെന്നും പിണറായി വിജയൻ പറഞ്ഞു. പരാതിക്കാരിക്ക് നിയമപരിരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും വിഷയത്തിൽ ഒരു തരത്തിലും മന്ത്രി തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുണ്ടറ പീഡനക്കേസില്‍ യുവതിയുടെ പരാതി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കേസെടുക്കാന്‍ വൈകിയെന്ന പരാതി ഡിജിപി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച വോയിസ് ക്ലിപ് പരാതിക്ക് ഒപ്പം നല്‍കിയിട്ടുണ്ടെന്നും കാശിന് വേണ്ടിയല്ല മത്സരിച്ചതെന്ന് പറഞ്ഞപ്പോള്‍ കയറിപ്പിടിച്ചതായി റിപ്പോര്‍ട്ടിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, മുഖ്യമന്ത്രിയുടെ പ്രതികരണത്തെ രൂക്ഷമായി വിമർശിച്ചും തള്ളിയുമാണ് പരാതിക്കാരി രംഗത്ത് വന്നത്. മന്ത്രി എ.കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് യുവതി വ്യക്തമാക്കി. സ്വമേധയാലാണ് ഗവർണർക്ക് പരാതി നൽകുന്നതെന്നും ബിജെപിയുടെ പിന്തുണ തനിക്കുണ്ടെന്നും യുവതി പറഞ്ഞു. പ്രതിക്കൊപ്പം നിന്ന് പൊലീസ് അധിക്ഷേപിക്കുകയാണെന്നും യുവതി പറഞ്ഞു.
Post Your Comments