ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആര്‍ആര്‍ആര്‍. അല്ലൂരി സീതാരാമ രാജു, കൊമാരം ഭീം എന്നീ സ്വാതന്ത്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദങ്ങളും ഉയരാൻ തുടങ്ങിയിരുന്നു. ടീസറിൽ കൊമാരം ഭീം പരമ്പരാഗത മുസ്ലീം വേഷത്തിലെത്തിയതിനെതിരേയാണ് വിമർശനങ്ങൾ ഉയർന്നത്.
കൊമാരം ഭീമിന്റെ കൊച്ചുമകൻ സോനെ റാവുവും ഇതിനെ എതിർത്തു കൊണ്ട് രംഗത്ത് വരികയുണ്ടായി. ഇപ്പോഴിതാ ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദ്. ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് കൊമാരം ഭീമിന്റെ വിവാദ ഗെറ്റപ്പിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘ഹൈദരാബാദ് നിസാം വേട്ടയാടിയിരുന്ന വ്യക്തിയായിരുന്നു കൊമാരം ഭീം. ശത്രുവിൽ നിന്ന് മറഞ്ഞിരിക്കാനുള്ള ഏറ്റവും മികച്ച മാർഗം ശത്രുവിനെ പോലെ വേഷം ധരിക്കുക എന്നതാണ്. അതിനാലാണ് ഭീം തലയിൽ തൊപ്പി വയ്ക്കുന്നത്’ എന്ന് വിജയേന്ദ്ര പ്രസാദ് വ്യക്തമാക്കി.
450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവരും പ്രത്യക്ഷപ്പെടുന്നു. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജര് ജോണ്‍സാണ് ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്.ഒ ആതിര ദില്‍ജിത്.
2021 ഒക്ടോബറിലാണ് ചിത്രം റിലീസിന് എത്തുക. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. ജനുവരിയില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കോവിഡ് പ്രതിസന്ധിമൂലം മാറ്റി വെക്കുകയായിരുന്നു.
Post Your Comments