കൊച്ചി : സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയ നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി മമ്മൂട്ടി ആരംഭിച്ച പദ്ധതിയാണ് ‘വിദ്യാമൃതം’. വിദ്യാര്‍ഥികള്‍ക്ക് സ്‍മാര്‍ട് ഫോണ്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ ആണ് പദ്ധതി ഉദ്ഘാടനം ചെയ്‍തത്. പദ്ധതി തുടങ്ങി ദിവസങ്ങൾക്കുള്ളിൽ നിരവധിപേരാണ് കുട്ടികളുടെ പഠനത്തിനായി മൊബൈൽ ഫോണുകൾ നൽകിയത്. ഇപ്പോഴിതാ സഹായവുമായെത്തിയവർക്കെല്ലാം നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ ഈദ് ആശംസകളും താരം നേർന്നു.
മമ്മൂട്ടിയുടെ വാക്കുകൾ:
കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ തുടങ്ങിയ ‘വിദ്യാമൃതം’ പദ്ധതിക്ക് സമൂഹത്തിൽ നിന്ന് വളരെ മികച്ച സഹകരണമാണ് ലഭിച്ചത്, ഉപയോഗ യുക്തമായ നിരവധി പഴയ ഫോണുകൾ ലഭിച്ചു. ഫോണുകൾ തന്ന് സഹായിച്ച സുമനസ്സുകളോട് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ പഴയതിന് പകരം ‘പുതു പുത്തൻ’ സ്മാർട്ട് ഫോണുകൾ തന്ന് പദ്ധതിയോടു സഹകരിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്! 250 പുത്തൻ ഫോണുകൾ സംഭാവന ചെയ്ത സി പി സാലിഹ് (പ്രവാസി വ്യവസായി, ദുബായ് ), നൂറ്റി അൻപതോളം ഫോണുകൾ തന്ന കല്ല്യാൺ ജുവല്ലേഴ്‌സ് സാരഥി ശ്രീ കല്യാണ രാമൻ, നൂറിൽ പരം ഫോണുകൾ നൽകിയ തിരുവനന്തപുരം നിംസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ട്ടർ ശ്രീ ഫൈസൽ ഖാൻ എന്നിവരോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഒപ്പം കൂടുതൽ പുത്തൻ ഫോണുകൾ നൽകിയ എറണാകുളം മൊബൈൽ കിങ് ഉടമ ശ്രീ ഫയാസ് , തിരുവനന്തപുരം താജ് വിവന്ത മാനേജ്‌മെന്റ് , കൊട്ടാരക്കര എംജിഎം ഗ്രൂപ്പ് , കോട്ടയം ക്യു ആർ എസ് മാനേജ്‌മെന്റ് , കോയമ്പത്തൂർ പവിഴം ജ്വല്ലറി , പാമ്പാടി അഡോൾഫ് ഗ്ലാസ് എന്നിവരോടുള്ള പ്രത്യേക സ്നേഹവും അറിയിക്കുന്നു.ഫോണിനായുള്ള അപേക്ഷകൾ നിരവധി ആണ്. സന്മനസ്സുള്ളവർക്ക് ഇനിയും മുന്നോട്ട് വരാം എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ എല്ലാവർക്കും എന്റെ ഈദ് ആശംസകൾ.
Post Your Comments