പെണ്‍കുട്ടികള്‍ക്ക് പൊതു സമൂഹം ചാര്‍ത്തി നല്‍കുന്ന പ്രതിസന്ധികളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി റിമ കല്ലിങ്കല്‍. എല്ലാം സഹിച്ചു ജീവിക്കണം എന്ന് പെണ്‍കുട്ടികളെ പറഞ്ഞു പഠിക്കുന്ന ഈ സിസ്റ്റത്തില്‍ നിന്ന് അവരെ തിരിച്ചു കൊണ്ടുവരിക വലിയ പ്രയാസമാണെന്നും തന്റെ കാഴ്ചപാട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു കൊണ്ട് റിമ വ്യക്തമാക്കുന്നു.
‘പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കണം, സ്വന്തം കാലിൽ നിൽക്കണം എന്ന് എനിക്ക് അവരോട് പറയാൻ എളുപ്പമാണ്. പെൺകുട്ടികൾ എല്ലാം സഹിക്കണം എന്നു പറഞ്ഞു പഠിപ്പിക്കുന്ന ഈ സമൂഹത്തിലും സിസ്റ്റത്തിലും ജീവിക്കുന്ന അവർക്ക് അത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. എങ്കിലും മാറ്റേണ്ടത് നമ്മുടെ രീതികൾ തന്നെയാണ്. നമ്മൾ തന്നെയാണ് മാറ്റത്തിന് തുടക്കമിടേണ്ടത്. മരണം കൊണ്ടല്ല. ജീവിതം കൊണ്ട് നമുക്ക് മാറ്റങ്ങൾ ഉണ്ടാക്കാം. പെൺകുട്ടികളുടെ വീട്ടുകാരോടും ചുറ്റുമുള്ള സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബ മഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെൺകുട്ടികൾ ജനിച്ച ദിവസം മുതൽ മരിക്കുന്നതു വരെ അവളെങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്ത് ധരിക്കണം, ആരെ കല്യാണം കഴിക്കണം, എപ്പോൾ കുട്ടികൾ ഉണ്ടാവണം, എപ്പോൾ ജോലിക്ക് പോകണം, ജോലി നിർത്തണം തുടങ്ങിയ എല്ലാ കാര്യങ്ങളും അടിച്ചേൽപ്പിക്കാതെ അവരെ വെറുതെ വിട്ടാൽ മാത്രം മതി. പെൺപിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവർ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിടുക. ബാക്കി അവർ നോക്കിക്കോളും’.
Post Your Comments