സൂര്യയെ നായകനാക്കി എൻ. ലിംഗുസാമി ഏറെ പ്രതീക്ഷയോടെ സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രമായിരുന്നു ‘അഞ്ജാൻ’. സന്തോഷ് ശിവനായിരുന്നു ക്യാമറ. മുംബൈയിൽ ഷൂട്ടിങ്. സൂര്യയുടെ പുതുമയുള്ള ഗെറ്റപ്. റിലീസ് ചെയ്തപ്പോൾ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ഇനിഷ്യലാണ് ചിത്രം നേടിയത്. എന്നാൽ, മൂന്നുനാൾ റെക്കോർഡ് കലക്ഷൻ നേടിയ ചിത്രം അപ്രതീക്ഷിതമായി നിലംപതിച്ചു. കേരളത്തിലും ചിത്രത്തിന് വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ തന്റെ സിനിമ പരാജയപ്പെടാനുള്ള കാരണം വ്യക്തമാക്കുകയാണ് എൻ. ലിംഗുസാമി. മനോരമയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂര്യയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാപക നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തിന്റെ പരാജയത്തിന് കാരണമായത് എന്ന് സംവിധായകൻ പറയുന്നു. ഇത് സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യൽ മീഡിയയുടെ തുടക്കകാലമായതിനാൽ പിന്നിലുള്ളവരെ കണ്ടെത്താനായില്ല എന്നും അദ്ദേഹം പറഞ്ഞു.
‘സോഷ്യൽ മീഡിയയിൽ നടന്ന വ്യാപകമായ നെഗറ്റീവ് പ്രചാരണമായിരുന്നു ചിത്രത്തെ വീഴ്ത്തിയത്. സൂര്യക്കെതിരായ ആസൂത്രിത നീക്കമാണെന്നു വ്യക്തമായിരുന്നെങ്കിലും സോഷ്യൽ മീഡിയയുടെ തുടക്കകാലമായതിനാൽ പിന്നിലുള്ളവരെ കണ്ടെത്താനായില്ല. സിനിമ പരാജയപ്പെട്ടതോടെ പ്രതിഫലത്തിൽ ലഭിക്കേണ്ടിയിരുന്ന 3 കോടി രൂപ സൂര്യ വാങ്ങിയില്ല’ -ലിങ്കു സാമി പറഞ്ഞു.
എന്നാൽ പടത്തിന്റെ വീഴ്ചയിൽ ഏറ്റവുമധികം തകർന്നത് സംവിധായകനായിരുന്നു. 3 വർഷത്തിനു ശേഷമാണ് ലിംഗുസാമി വിശാലും കീർത്തി സുരേഷും മുഖ്യവേഷങ്ങളിലെത്തിയ ‘സണ്ടക്കോഴി 2’ലൂടെ തിരിച്ചുവരവ് നടത്തിയത്.
Post Your Comments