ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സിനിമയെ അനുകൂലിച്ചും വിമർശിച്ചും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഇപ്പോഴിതാ സിനിമയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ എന്‍ എസ് മാധവന്‍.
സിനിമയുടെ കഥ സാങ്കല്‍പികം മാത്രമാണെന്ന് സംവിധായകന്‍ പലപ്പോഴായി പറയുകയുണ്ടായി. അത്തരത്തില്‍ സാങ്കല്‍പികമാണെങ്കിലും എന്ത് കൊണ്ടാണ് സിനിമയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചിരിക്കുന്നത്. അതും പച്ച കൊടിയുള്ള പാര്‍ട്ടി എന്നാണ് എന്‍ എസ് മാധവന്റെ ചോദ്യം. ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ പോലെ തന്നെ മാലിക്കും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു.
എന്‍ എസ് മാധവന്റെ കുറിപ്പ്:
‘മാലിക്ക് പൂര്‍ണ്ണമായും സാങ്കല്‍പിക കഥയാണെന്ന് പറയാം. പക്ഷെ എന്ത് കൊണ്ടാണ് സിനിമയില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ മാത്രം കാണിച്ചിരിക്കുന്നത്. അതും പച്ച കൊടിയുള്ള പാര്‍ട്ടി. എന്തിനാണ് ലക്ഷദ്വീപ് ക്രിമിനലുകളുടെ താവളമാണെന്ന് കാണിക്കുന്നത്? പിന്നെ മഹല്‍ കമ്മിറ്റി എന്താണ് ക്രിസ്ത്യാനികളെ അകത്തേക്ക് കയറ്റാന്‍ സമ്മതിക്കാത്തത്. ഇത് പൂര്‍ണ്ണമായും കേരളത്തിന്റെ ജാതിസ്വഭാവങ്ങള്‍ക്കെതിരാണ്.
കൂടാതെ രണ്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കാണിക്കുമ്പോള്‍ ഒരു വിഭാഗത്തെ മാത്രമെന്തിനാണ് തീവ്രവാതം പ്രേത്സാഹിപ്പിക്കുന്നവരായി ചിത്രീകരിക്കുന്നത്? കേരളത്തിലെ ഏറ്റവും വലിയ പൊലീസ് വെടിവെപ്പിനെയാണ് ചിത്രം കാണിക്കുന്നത്. അത് സര്‍ക്കാരിന്റെ അറിവില്ലാതെയാണോ നടന്നത്? അത് കൊണ്ട് ഏതൊരു കൊമേര്‍ഷ്യല്‍ സിനിമ പോലെ തന്നെ മാലിക്കും ഇസ്ലാമോഫോബിയയെ ആരും അറിയാതെ പ്രോത്സാഹിപ്പിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.’
Post Your Comments