തമിഴിലെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വിശാൽ മീരാജാസ്മിൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ലിംഗുസ്വാമി ചിത്രം സണ്ടക്കോഴി. വിശാൽ എന്ന നടൻ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ചേക്കേറിയത് ഈ ഒറ്റ ചിത്രത്തിലൂടെയായിരുന്നു. നായികാ പ്രാധാന്യമുള്ള ചിത്രമായതു കൊണ്ട് തന്നെ മീര ജാസ്മിന്റെ കരിയറിലും ചിത്രം വഴിത്തിരിവായി. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണിനെയായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ എൻ. ലിംഗുസാമി. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
എൻ. ലിംഗുസാമിയുടെ തന്നെ റൺ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിൻ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതുകൊണ്ട് തന്നെ സംവിധായകനോട് ഒരു പ്രത്യേക സ്നേഹവും സ്വാതന്ത്ര്യവും താരത്തിനുണ്ടായിരുന്നു. അതിനാലാണ് സണ്ടക്കോഴി എന്ന ചിത്രത്തിൽ അവസരം ഇല്ലാഞ്ഞിട്ട് പോലും അതിന്റെ സ്ക്രിപ്റ്റ് വായിക്കാൻ മീരയ്ക്ക് നൽകിയത്. എന്നാൽ കഥ വായിച്ചതോടെ നായിക വേഷം വേണമെന്ന് മീര ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ദീപികയെ നായികയാക്കണമെന്നായിരുന്നു ലിംഗുസാമിയ്ക്ക്. അതേസമയം ദീപിക അഭിനയിക്കാനായി വലിയ തുക ആവശ്യപ്പെട്ടതോടെ താരത്തെ ഒഴിവാക്കുകയായിരുന്നു. പിന്നീട് മീര കരഞ്ഞ് പറഞ്ഞ് ആവശ്യപ്പെട്ടതോടെ ആ കഥാപാത്രം താരത്തിന് നൽകുകയായിരുന്നു.
എൻ. ലിംഗുസാമിയുടെ വാക്കുകൾ:
‘വലിയ താരമായിട്ടില്ലാത്ത വിശാലിനെയാണു നായകവേഷത്തിലേക്ക് തീരുമാനിച്ചത്. സിനിമയുടെ ചർച്ച നടക്കുമ്പോഴാണ് ഒരു ദിവസം മീരാ ജാസ്മിൻ ഓഫിസിലെത്തിയത്. പുതിയ സിനിമയുടെ വിവരങ്ങളെല്ലാം ചോദിച്ച ശേഷം കഥ കേൾക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മീരാ ജാസ്മിൻ സിനിമയിൽ ഇല്ലാത്തതിനാൽ എന്തിനാണ് വായിക്കാൻ തരുന്നത് എന്ന് ചോദിച്ചു.എന്നാൽ വാശിപിടിച്ച് മീര അവിടെത്തന്നെ ഇരുന്നു. ഒടുവിൽ കഥ പറഞ്ഞു. കഥ കേട്ടതും തന്നെ എന്തിനാണ് ഈ പടത്തിൽ നിന്ന് അവോയ്ഡ് ചെയ്യുന്നതെന്നു ചോദിച്ച് മീര കരയാൻ തുടങ്ങി. ഇതിൽ പുതിയൊരു നായികയെ ആണ് ഉദ്ദേശിക്കുന്നതെന്നു പറഞ്ഞിട്ടും അവർ വഴങ്ങുന്നില്ല. വിശാലിനോടും നിർമാതാക്കളോടും സംസാരിക്കാമെന്നും മീര പറഞ്ഞു.
ആ സമയത്ത് കന്നഡയിൽ അഭിനയിക്കുകയായിരുന്ന ദീപിക പദുക്കോണിനെയാണ് ഉദ്ദേശിച്ചിരുന്നത്. അവർ അന്ന് 20 ലക്ഷം പ്രതിഫലം ചോദിച്ചതോടെ നിർമാതാവ് പിൻവാങ്ങുകയായിരുന്നു. അതോടെ മീരയെത്തന്നെ അഭിനയിപ്പിക്കാൻ തീരുമാനിച്ചു.
2005 ഫെബ്രുവരിയിൽ ‘ജി’ ഇറങ്ങിയെങ്കിൽ ആ വർഷം ഡിസംബറിൽ തന്നെ ‘സണ്ടക്കോഴി’യും ഇറങ്ങി. വലിയ ഹിറ്റായ ചിത്രം മീരാ ജാസ്മിനും വലിയ ബ്രേക്കായി. തന്റെ നായികമാരിൽ ഏറ്റവും മികച്ച നടിയെന്നാണ് മീരാ ജാസ്മിനെ ലിംഗുസാമി വിലയിരുത്തുന്നത്. അഭിനയത്തിൽ അവർ മറ്റൊരു സാവിത്രി ആകുമെന്നായിരുന്നു അക്കാലത്തെ സംവിധായകന്റെ പ്രതീക്ഷ’.
Post Your Comments