മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്ക് ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. കൊവിഡ് സാഹചര്യത്തിലാണ് തിയറ്റര്‍ റിലീസിന് വേണ്ടി ഒരുക്കിയ ചിത്രം ആമസോണില്‍ റിലീസ് ചെയ്യേണ്ടി വന്നത്. ഫഹദ് ഫാസിൽ മുതൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി ജലജയുടെ മടങ്ങി വരവും കൂടിയാണ് ചിത്രം. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം ജലജ സിനിമയിലേക്കെത്തുമ്പോൾ ഇതേ ചിത്രത്തിലൂടെ മകൾ ദേവിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇപ്പോഴിതാ താനും മകളും സിനിമയിലേക്ക് വരാനുള്ള കാരണം പറയുകയാണ് ജലജ. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
മഹേഷ് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. തുടക്കത്തിൽ ഈ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും ആത്മവിശ്വാസം നല്‍കിയപ്പോള്‍ ചെയ്യാമെന്ന് ഉറപ്പിക്കുകയായിരുന്നു. എന്റെ മടങ്ങി വരവിനോടൊപ്പം മകളുടെ അരങ്ങേറ്റവും ഒരുപാട് സന്തോഷമായെന്നും ജലജ പറഞ്ഞു.
ജലജയുടെ വാക്കുകൾ:
‘തിരുവന്തപുരം ചലച്ചിത്രമേളയില്‍ വച്ചാണ് മഹേഷ് നാരായണനെ കാണുന്നത്. അഭിനയത്തിലേക്ക് തിരിച്ചുവരണമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. ഒരിക്കല്‍ മഹേഷ് എന്നെ ഫോണില്‍ വിളിച്ച് ചോദിക്കുകയായിരുന്നു. മകള്‍ ദേവിക്ക് വേണ്ടിയാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ദേവിക്കല്ല, ചേച്ചിയ്ക്കാണ് വേഷം എന്ന് മഹേഷ് പറഞ്ഞു. എനിക്ക് ആദ്യം വിശ്വസിക്കാനായില്ല. മഹേഷ് നേരിട്ട് എന്നെ കാണാന്‍ വരികയും വിവരിക്കുകയും തിരക്കഥ നല്‍കുകയും ചെയ്തു. ഒരു പാട് സംശയങ്ങള്‍ മനസ്സിലുണ്ടായിരുന്നു. എല്ലാവരും ആത്മവിശ്വാസം നല്‍കിയപ്പോള്‍ ചെയ്യാമെന്ന് ഉറപ്പിച്ചു.
ചിത്രത്തില്‍ എന്റെ കഥാപാത്രത്തിന്റെ ചെറുപ്പക്കാലം കാണിക്കുന്നുണ്ട്. അതവതരിപ്പിക്കാന്‍ ദേവിയെ തിരഞ്ഞെടുത്തു. എന്റെ മടങ്ങിവരവിനോടൊപ്പം മകളും അരങ്ങേറ്റം കുറിച്ചതില്‍ അതിയായ സന്തോഷം. ചെറുതാണെങ്കില്‍ ഇത്രയും നല്ല ഒരു സിനിമയില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദേവി’ – ജലജ പറഞ്ഞു.
ചിത്രത്തിൽ ഫഹദിന്റെ അമ്മയുടെ കഥാപാത്രത്തെയാണ് ജലജ അവതരിപ്പിച്ചത്. ജലജയുടെ ചെറുപ്പം മകൾ ദേവിയും അവതരിപ്പിക്കുന്നു.
Post Your Comments