മലയാള സിനിമയിൽ ഔദ്യോഗികമായി നായക വേഷങ്ങളിൽ ചുരുങ്ങാതെ യഥാർത്ഥ നായകനായി തിളങ്ങുകയും ആരാധകർ പ്രീതി പിടിച്ചുവാങ്ങുകയും ചെയ്ത അഭിനയ പ്രതിഭയാണ് തിലകൻ. പോസ്റ്റുകളിൽ തിലകൻ എന്ന നടനെ പേരോ ചിത്രമോ ഇല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ സിനിമകൾ ജനങ്ങൾ കണ്ടു, ആസ്വദിച്ചു. അത് ആ നടന്റെ അഭിനയ മികവിനുള്ള അംഗീകാരമാണ്. മലയാള സിനിമയുടെ പെരുന്തച്ചൻ എന്നു തിലകനെ വിശേഷിപ്പിക്കുന്നത് ആ ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കിയാണെന്ന് പറയുന്നത് ശരിയല്ല. തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും അച്ചുകളിൽ മെരുങ്ങിയ കഥാപാത്രങ്ങളെ ഭാവപൂർണ്ണതയോടെ വെള്ളിത്തിരയിൽ അദ്ദേഹം മൂർച്ചകൂട്ടി ഒരുക്കിയെടുത്തു. തന്റെ ശബ്ദഗാംഭീര്യം കൊണ്ട് , അഭിനയിക്കുകയാണെന്ന് തോന്നിപ്പിക്കാതെ ഓരോ കഥാപാത്രങ്ങളെയും വിജയിപ്പിച്ചെടുക്കാൻ തിലകന് സാധിച്ചു.
നടനാകാൻ വേണ്ടി ജനിച്ച വ്യക്തി എന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നടനായ ശിവാജി ഗണേശനെ കുറിച്ച് തിലകൻ ഒരിക്കൽ പറഞ്ഞത്. ഈ വാക്കുകൾ തിലകന് തന്നെ ചേർന്നതാണ്. നാടകത്തിൽ ആയാലും സിനിമയിലായാലും തിലകന് പകരംവയ്ക്കാൻ മറ്റൊരാളില്ല എന്ന് പറയാത്ത മലയാളികൾ ചുരുക്കമാണ്. തിലകന്റെ എണ്പത്തിയാറാം പിറന്നാളാണിന്നു.
മലയാള സിനിമയിലെ മികച്ച ‘അച്ഛൻ’ തിലകൻ തന്നെയാണ്. സ്‌ഫടികത്തിലെ ചാക്കോ മാഷും കിരീടത്തിലെയും ചെങ്കോലിലെയും അച്യുതൻ നായരും വീണ്ടും ചില വീട്ടുകാര്യത്തിലെ കൊച്ചുതോമയും തുടങ്ങി ഒരു പിടി മികച്ച അച്ഛൻ വേഷങ്ങൾ തിലകന്റെ കയ്യിൽ ഭദ്രമായിരുന്നു. കിരീടത്തിൽ സേതുവിലൂടെ വീണുടഞ്ഞത് പോലീസ് കോൺസ്റ്റബിൾ ആയ അച്ചുതൻ നായരുടെ സ്വപ്നങ്ങൾ മാത്രമായിരുന്നില്ല. ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു പഠിപ്പിച്ച സ്ഫടികത്തിലെ ചാക്കോ മാഷും സ്വപ്നങ്ങൾ തകർന്നു പോയ അച്ഛനാണ്.
ജീവിതഗന്ധിയായ കഥാപാത്രങ്ങളിലൂടെ ഇന്നും തിലകൻ നിറഞ്ഞ് നിൽക്കുന്നു. ആണ്‍ അധികാര-താര-സാമ്പത്തിക- സാംസ്‌കാരിക യുക്തിയാല്‍ നിയന്ത്രിക്കുന്ന ചലച്ചിത്രലോകത്ത് അഭിനയമികവിനാൽ തെളിഞ്ഞു നിൽക്കുന്ന ഈ പൃതൃസ്വരൂപത്തെ പലരും ‘ഭയന്നിരുന്നു’വെന്നതിന് തെളിവാണ് സംഘടനകൾ അദ്ദേഹത്തിന് നൽകിയ വിലക്ക്. അപ്രിയസത്യങ്ങള്‍ വിളിച്ചുപറഞ്ഞതിലൂടെ സിനിമാ ലോബിയ്ക്ക് മുന്നിൽ നിഷേധിയായ തിലകനെ, നീണ്ടകാലം അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തി മലയാള സിനിമ. അസൂയയും കഴിവില്ലായ്മയും മറയ്ക്കാന്‍ പലരും സംഘം ചേര്‍ന്ന് നടത്തിയതാണ് ഈ ബഹിഷ്‌കരിക്കല്‍.
‘ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നില്ല, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞു എന്ന’ കുറ്റത്തിന് ‘മരണം വരെ സിനിമത്തമ്പുരാക്കന്മാര്‍ ശത്രുവായി പുറത്തുനിര്‍ത്തിയ തിലകന്‍ ചേട്ടനോട് ‘അമ്മ’ മാപ്പുപറയുമായിരിക്കും, അല്ലേ?’ താരസംഘടനയായ ‘അമ്മ’ – എന്ന് സംവിധായകന്‍ ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകൾ തിലകൻ എന്ന നടനോട് മലയാള സിനിമയിലെ താരമേധാവിത്വം കാണിച്ച ബഹിഷ്കരണത്തെ അടയാളപ്പെടുത്തുന്നുണ്ട്.
മലയാള സിനിമാരംഗവും അമ്മയും ഫെഫ്കയുമെല്ലാം ഏതാനും ചില സൂപ്പര്‍താരങ്ങളുടെ വരുതിയിലാണെന്നും മറ്റുള്ളവരെല്ലാം വെറും അടിമകള്‍ മാത്രമാണെന്നുമുള്ള തിലകന്റെ വാക്കുകളാണ് വിലക്കിലേയ്ക്ക് നയിച്ചത്. തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയതിനു പിന്നില്‍ ഒരു മെഗാസ്റ്റാര്‍ ആണെന്നും തിലകൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സുകുമാര്‍ അഴീക്കോട് തിലകനു പിന്തുണയുമായി എത്തിയതും അദ്ദേഹം സൂപ്പര്‍ താരങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവനകളും കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുകുമാര്‍ അഴീക്കോട് അനാവശ്യമാണ് പറയുന്നതെന്നായിരുന്നു മോഹന്‍ലാൽ, മമ്മൂട്ടി, കെ.ബി ഗണേഷ് കുമാർ തുടങ്ങിയവർ അന്ന് ഇതിനോട് പ്രതികരിച്ചത്.
അമ്മയുടെ ഭീഷണികള്‍ക്ക് വഴങ്ങാതിരുന്ന തിലകന്‍, തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതോടെ അന്നത്തെ അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി തിലകനെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തതായി പത്രസമ്മേളനം വഴി അറിയിച്ചു. അച്ചടക്ക സമിതിക്കു മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ തിലകനോട് ആവശ്യപ്പെട്ടിരുന്നു. സംഘടനയ്ക്കുള്ളില്‍ നിന്നും ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞ് സംഘടനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു തിലകനെ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള കാരണമായി അന്ന് അമ്മ ഉയര്‍ത്തികാട്ടിയത്.
തെറ്റൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നുമായിരുന്നു ഇതിനോടുള്ള തിലകന്റെ പ്രതികരണം. 2010ല്‍ വന്ന സസ്പെന്‍ഷന്‍ 2012 സെപ്റ്റംബറില്‍ തിലകന്‍ മരിക്കുന്നതുവരെയും ഈ വിലക്ക് മാറ്റമില്ലാതെ തുടര്‍ന്നു. എന്നാൽ 2011ലെ രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങൾ ഈ വിലക്ക് കാലത്ത് അദ്ദേഹം പൂർത്തിയാക്കിയെന്നതും ശ്രദ്ധേയമാണ്.
കിലുക്കം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ മറ്റൊരു മുഖവും തിലകൻ കാട്ടി തന്നു. വില്ലൻ വേഷങ്ങൾ മാത്രമല്ല ചിരിയും രാഷ്ട്രീയവും തനിക്ക് ചേരുമെന്ന് തിലകൻ തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ തിലകൻ കഥാപാത്രങ്ങളെ വിശകലനം ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളിലും നേരത്തെ പറഞ്ഞ പിതൃ സ്വരൂപം കാണാൻ കഴിയും . സ്വന്തം പിഴകളില്‍ പശ്ചാത്തപിക്കുന്ന കിലുക്കം, സ്ഫടികം, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ അച്ഛന്‍ വേഷങ്ങള്‍ ഇതിനു ഉദാഹാരണം. നീണ്ട നാളുകളുടെ വിലക്കുകളുടെ കാലത്ത് തിലകൻ പൂർത്തിയാക്കിയ മദ്യത്തിനടിമപ്പെട്ട് ഒരു ചായക്കടയില്‍ അടിഞ്ഞു കൂടിയ സ്പിരിറ്റിലെ പേരില്ലാത്ത കഥാപാത്രവും ഇന്ത്യന്‍ റുപ്പിയിലെ തിരസ്‌കൃതനായ പിതാവ് അച്യുതമേനോനും ഉസ്താദ് ഹോട്ടലിലെ വെപ്പുകാരന്‍ കരീമിക്കയും ഇതേ പാതയിൽ സഞ്ചരിക്കുന്നവർ തന്നെയാണ്.
രശ്മി അനിൽ
Post Your Comments