പ്രേക്ഷകർ ഏറെ ആവേശത്തോട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് പ്രതിസന്ധി മൂലം സിനിമയുടെ റിലീസ് മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. നിലവിലെ സാഹചര്യത്തിൽ തിയറ്ററുകൾ വീണ്ടും തുറന്നാലും ആളുകൾ എത്രത്തോളം സിനിമ കാണാനെത്തുമെന്ന ആശങ്ക ഉണ്ടെന്ന് തുറന്നു പറയുകയാണ് ആന്റണി. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ:
പതിനെട്ട് മാസത്തോളമായി ചിത്രത്തിന്റെ സെൻസറിങ്ങ് കഴിഞ്ഞ് റിലീസ് കാത്തിരിക്കുകയാണ്. ഓഗസ്റ്റിൽ ചിത്രം റിലീസ് ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ എല്ലാ തിയേറ്ററുടമകളും ചിത്രം റിലീസ് ചെയ്യാൻ തയ്യാറായി ഇരിക്കുകയാണ്. പ്രത്യേകിച്ച് ഓണം സീസൺ ആണ്. പക്ഷെ തിയേറ്ററുകളിൽ പ്രേക്ഷകർ എത്രത്തോളം കയറുമെന്ന് അറിയില്ല. എല്ലാം ആശങ്കയിലാണ്. നമ്മൾ എല്ലാം ഒരു പ്രതീക്ഷയിലാണ് മുന്നോട്ടു പോകുന്നത്. സാഹചര്യങ്ങൾ നന്നാവുക എന്നതിലാണ് കാരണം.
2016ൽ റിലീസ് ചെയ്ത ഒപ്പത്തിനു ശേഷം മോഹൻലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. മികച്ച ചിത്രം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും ചിത്രം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മാറ്റിവെക്കുകയായിരുന്നു.
പ്രണവ് മോഹൻലാല്‍, അര്‍ജ്ജുന്‍ , പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയായിരുന്നു പ്രധാന ലൊക്കേഷന്‍. അഞ്ചു ഭാഷകളില്‍ ആയി അമ്പതിലധികം രാജ്യങ്ങളിലായാണ് ചിത്രം റിലീസ് ചെയ്യുക.
Post Your Comments