ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഒരു മുത്തശ്ശി ഗദ’. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ മുത്തശ്ശി ഗദയുടെ ഷൂട്ടിങ്ങിനിടയിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ജൂഡ്. ചിത്രത്തിൽ അന്ന് വർക്ക് ചെയ്തിരുന്ന അസിസ്റ്റന്റ് ഡയറക്ടർ നടി അപർണ ബാലമുരളിയുടെ ഫോട്ടോസ് എടുക്കുകയും അവർക്ക് അനാവശ്യമായി സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നുവെന്ന് ജൂഡ് പറയുന്നു. എന്നാൽ സംഭവം അറിഞ്ഞ ഉടനെ ഇയാളെ താൻ സെറ്റിൽ നിന്ന് പറഞ്ഞു വിടുകയും ചെയ്തുവെന്നും ജൂഡ് പറയുന്നു. തന്റെ പുതിയ സിനിമ സാറാസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ഇക്കാര്യം തുറന്നു പറഞ്ഞത്.
ജൂഡ് ആന്റണി യുടെ വാക്കുകൾ:
‘മുത്തശ്ശി ഗദയിൽ ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. കോസ്റ്റ്യൂം കൺടിന്യുവിറ്റി ആണ് ഇയാൾ ചെയ്തുകൊണ്ടിരുന്നത്. ഞാൻ നോക്കുമ്പോൾ ഇയാൾ അപർണയുടെ ഫോട്ടോ എടുക്കുന്നുണ്ട്. എന്തിനാണ് ഫോട്ടോ എടുക്കുന്നതെന്ന് ഞാൻ അവനെ വിളിച്ചു ചോദിച്ചു.കൺടിന്യൂവിറ്റി നോക്കാനാണ് സർ എന്ന് അവൻ മറുപടി പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ അയാൾ അപർണയുടെ ഫോൺ നമ്പർ വാങ്ങിയതായി കണ്ടു. ചോദിച്ചപ്പോൾ പറഞ്ഞു, കോസ്റ്റ്യൂമിന്റെ കാര്യം പറയാനാണ് എന്ന്. നമ്പർ വാങ്ങിച്ചോളൂ… വേറെ ഏതെങ്കിലും തരത്തിലുള്ള മെസേജ് അയച്ചുവെന്ന് അറിഞ്ഞാൽ അതോടെ ഈ പണി നിർത്തിക്കും എന്ന് അപ്പോഴേ ഞാൻ മുന്നറിയിപ്പ് കൊടുത്തിരുന്നു.
അടുത്ത ദിവസം ഞാൻ ലൊക്കേഷനിലേക്ക് വരുന്ന സമയത്ത് അസോസിയേറ്റ് എന്നെ വിളിച്ചു പറയുന്നത് ഇയാളുടെ കാര്യമാണ്. ആ പയ്യൻ അപർണയ്ക്ക് മെസേജ് അയച്ചിരിക്കുന്നു. ‘അപ്പൂ… നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല… ഐ ലവ് യൂ’ എന്നാണ് അയാളുടെ മെസേജ്. ഞാൻ ലൊക്കേഷനിൽ എത്തും മുൻപ് തന്നെ അയാളെ പറഞ്ഞുവിടാൻ ഞാൻ ആവശ്യപ്പെട്ടു. ആ ഫോണും വാങ്ങി വച്ചു’- ജൂഡ് പറഞ്ഞു.
Post Your Comments