നടൻ പ്രണവ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. പ്രണവുമായുള്ള ആദ്യ കൂടിക്കാഴ്ച ഓർത്തെടുത്താണ് ജന്മദിനത്തിൽ താരപുത്രന് അൽഫോൻസ് പിറന്നാളാശംസകൾ നേർന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വലിയൊരു പാഠം പ്രണവ് പഠിപ്പിച്ചെന്നും അൽഫോൻസ് പുത്രൻ വെളിപ്പെടുത്തി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടർ പോസ്റ്ററും അൽഫോൻസ് പങ്കുവെച്ചിട്ടുണ്ട്.
അൽഫോൻസിന്റെ വാക്കുകൾ:
ജന്മദിനാശംസകൾ പ്രണവ് മോഹൻലാൽ ഈ വർഷവും വരും വർഷങ്ങളും മനോഹരവും സമൃദ്ധവുമാകട്ടെ! എന്റെ ഓഫിസിൽ ഒരു ഗിറ്റാറുണ്ടായിരുന്നു. അതിന്റെ ഒരു കമ്പി പൊട്ടിയതുകൊണ്ട് ഞാനും സഹപ്രവർത്തകരും ആ ഗിറ്റാറിനെ മാറ്റി വച്ചിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിനിമയുടെ കാര്യം ചർച്ച ചെയ്യുന്നതിനായി പ്രണവിനെ കാണാൻ ഞാൻ ആഗ്രഹിച്ചു. സിജു വിൽസണോ കൃഷ്ണ ശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം ഓഫിസിൽ വന്നു. ഞങ്ങൾ കണ്ടു. ഞങ്ങൾ സംസാരിച്ചിരുന്നു. അൽപസമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ കമ്പി പൊട്ടിയ ഗിറ്റാറെടുത്ത് വായിക്കാൻ തുടങ്ങി. അതിഗംഭീരമായിരുന്നു ആ സംഗീതം.ഒരു പാഠം അന്ന് എന്നെ അദ്ദേഹം പഠിപ്പിച്ചു. ഒരു കമ്പിയില്ലാത്ത ഗിറ്റാറിനു പോലും സംഗീതം സൃഷ്ടിക്കാൻ കഴിയും. ഉപകരണമല്ല, അതു വായിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. നന്ദി മോഹൻലാൽ സർ, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങൾക്കു നൽകിയതിന്!
Post Your Comments