ന്യൂഡല്‍ഹി: രാജ്യത്ത് 5-ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി തള്ളുകയും, 20 ലക്ഷം പിഴയൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ പിഴ തുക ഇതുവരെ താരം അടച്ചിട്ടില്ല എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പകരം കോടതി വിധിക്കെതിരെ നടി മറ്റൊരു ഹര്‍ജിയും സമര്‍പ്പിച്ചു. കോടതി ഫീസ് റീഫണ്ട് ചെയ്യുക, ചുമത്തിയ 20 ലക്ഷം രൂപ പിഴ തള്ളുക, വിധിയിലെ ഹര്‍ജി തള്ളി എന്ന വാക്ക് മാറ്റി നിരസിച്ചു എന്നാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി മറ്റൊരു ഹര്‍ജി നല്‍കിയിരിക്കുകയാണ് നടിയും ഒപ്പം കോടതി പിഴയിട്ട രണ്ട് സാമൂഹ്യപ്രവര്‍ത്തകരും.
എന്നാല്‍ പുതിയ ഹര്‍ജിയും കോടതി തള്ളി. ജൂഹി ചൗളയുടെ നീക്കത്തില്‍ വിമര്‍ശനമറിയിച്ച ജഡ്ജി ഇത് ഞെട്ടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു. 5 ജിക്കെതിരായ ഹര്‍ജിയില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാതിരിക്കാനുള്ള മാന്യത കോടതി കാട്ടിയിരുന്നെന്നും എന്നിട്ടും ഇപ്പോള്‍ വിധി മാറ്റണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയുമായി വന്നത് ഞെട്ടിക്കുന്നതാണെന്നുമാണ് ജസ്റ്റിസ് ജെആര്‍ മിഥ അഭിപ്രായപ്പെട്ടത്. ഒരാഴ്ച അല്ലെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ 20 ലക്ഷം പിഴ അടയ്ക്കണമെന്നും അല്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് കോടതി മുന്നറിയിപ്പും നല്‍കി.
പ്രശസ്തിക്കു വേണ്ടിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ജൂഹിയുടെ ഹർജി കോടതി തള്ളിയത്. 5ജി സാങ്കേതിക വിദ്യ ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു ജൂഹി ചൗള ഹർജി ഫയൽ ചെയ്തത്.
5ജി സംവിധാനം നടപ്പാക്കുന്നതിനു മുൻപ് അത് മനുഷ്യർക്കും സസ്യജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാകുമെന്ന പഠനം നടത്തണമെന്നായിരുന്നു ആവശ്യം. മൊബൈൽ ടവറുകളിലൂടെയുള്ള റേഡിയേഷനെക്കുറിച്ചു സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Post Your Comments