അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘സാറാസ്’. ആമസോണ്‍ പ്രൈമിലൂടെ ഇന്ന് ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമ ഇറങ്ങിയ ദിവസം തന്നെ ജൂഡിന് ഒരു കിടിലൻ പണി കൊടുത്തിരിക്കുകയാണ് അന്ന ബെൻ. ഷൂട്ടിങ്ങിനിടയിലെ ജൂഡിന്റെ രസകരമായ ഒരു ചിത്രമാണ് അന്ന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ടെൻഷൻ കുറയ്ക്കാൻ ഒരു ലാംപ് ഷെയ്ഡ് തലയ്ക്കുമുകളിൽ കമഴ്ത്തിപ്പിടിച്ച് നിൽക്കുന്ന ജൂഡിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. അതിനു ശേഷം അന്നയുടെ വക ‘കൊല്ലരുത്’ എന്നൊരു മുൻകൂർ ജാമ്യവും. എന്നാൽ അന്നയ്ക്ക് മറുപടിയുമായി ജൂഡും എത്തി.
ഈശ്വരാ, പട്ട ചാരായം കൊട്ടാരത്തിൽ എന്ന് പറഞ്ഞ് ചിരിച്ചു കണ്ണുനിറഞ്ഞൊഴുകുന്ന ഇമോജിക്കൊപ്പമാണ് ജൂഡ് മറുപടി നൽകിയത്. എന്നാൽപ്പിന്നെ മച്ചാനെ അത് പോരെ അളിയാ മട്ടിൽ അന്ന മറുപടിയും കൊടുത്തു
‘ഹമാരാ ബജാജ്’ എന്ന് അന്ന പറഞ്ഞപ്പോൾ, ‘അടിച്ചു മോനെ’ എന്നായി ജൂഡ്. എന്തായാലും സംവിധായകന്റെയും നായികയുടെയും സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിക്കുന്ന ‘സാറ’യെന്ന കഥാപാത്രം. സണ്ണി വെയ്ന്‍ ആണ് നായകന്. കൊവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണിത്.
അന്നബെന്നിനൊപ്പം അച്ഛന് ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്റേത്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച അനന്ത വിഷന്റെ ബാനറില്‍ ശാന്ത മുരളിയും പി കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹ്മാന്.
Post Your Comments