നടൻ കൈലാഷ് പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് മിഷൻ സി. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പ്രകടനം കണ്ട് സംവിധായകൻ ജോഷി തന്നെ നേരിട്ടെത്തി അഭിനന്ദിച്ചുവെന്ന് പറയുകയാണ് കൈലാഷ്. മിഷൻ സിയുടെ പ്രിവ്യു ഷോ കാണുവാൻ ജോഷി എത്തിയിരുന്നു എന്നും ചിത്രം കണ്ട ശേഷം മിഷൻ സിയുടെ എല്ലാ അണിയറപ്രവത്തകരെയും അദ്ദേഹം അഭിനന്ദിച്ചു എന്നും കൈലാഷ് പറഞ്ഞു. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് താരം തന്റെ സന്തോഷം അറിയിച്ചിരിക്കുന്നത്.
കൈലാഷിന്റെ വാക്കുകൾ:
സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരുന്നു ഇക്കഴിഞ്ഞ ദിവസം കടന്നുപോയത്. കാരണം, അന്നാണ് ജനപ്രിയസിനിമയ്ക്ക് പുതിയ വ്യാകരണം ചമച്ച സാക്ഷാൽ ജോഷി സാർ ‘മിഷൻ – സി’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി ഒറ്റയ്ക്ക് കാറോടിച്ച് ലാൽ മീഡിയയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പമിരുന്ന് സിനിമ കാണാൻ കഴിഞ്ഞത് എന്റെയും അപ്പാനി ശരത്തിന്റെയും അസുലഭ ഭാഗ്യം!
ശിഷ്യതുല്യനായ വിനോദ് ഗുരുവായൂരിന്റെ മിഷൻ കണ്ടുകഴിഞ്ഞ ശേഷം സിനിമ മൊത്തത്തിൽ നന്നായിരിക്കുന്നുവെന്ന് ജോഷി സാർ പറഞ്ഞത് ‘ടീം മിഷൻ – സി’ക്കു കിട്ടുന്ന ആദ്യ അംഗീകാരമായി. സാർ പിന്നീട് എന്റടുത്തുവന്ന് ‘നല്ല പെർഫോർമൻസ്’ എന്നു പറഞ്ഞത് മനസിലെ ഓട്ടോഗ്രാഫിൽ എന്നും തിളങ്ങുന്ന വാക്കുകളായി. നായക കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനിയെയും അദ്ദേഹം അനുമോദിച്ചു. ചില ദിവസങ്ങൾ അങ്ങനെയാണ്. ജോഷിസാറിനെപ്പോലെ വരും. മനസിൽ ചില നല്ല കാര്യങ്ങൾ എന്നന്നേക്കുമായി കോറിയിടും. ജനപ്രിയ മലയാളസിനിമയുടെ കാരണവരും കാർണിവലുമായ പ്രിയ ജോഷി സാർ, അങ്ങേയ്ക്കു നന്ദി.
വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘മിഷന്‍ സി’യുടെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അദ്ദേഹം തന്നെയാണ്. ചിത്രത്തിൽ മീനാക്ഷി ദിനേശാണ് നായിക. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍- റിയാസ് കെ ബദര്‍.
Post Your Comments