ചെന്നൈ: നടൻ സൂര്യയും സംവിധായകൻ ഗൗതം വസുദേവ് മേനോനും വീണ്ടും ഒന്നിക്കുന്നു. നെറ്റ്ഫ്ളിക്സിന്‍റെ ആന്തോളജി വെബ് സിരീസ് ആയ ‘നവരസ’യ്ക്കുവേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഗൗതം സംവിധാനം ചെയുന്ന ഭാഗത്തിന് ‘ഗിറ്റാര്‍ കമ്പി മേനേ നിണ്‍ട്ര്’ എന്ന പേരാണ് നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേ സമയം ചിത്രത്തിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഒരു സംഗീതജ്ഞനാണ് ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രം. പ്രയാഗ മാര്‍ട്ടിന്‍ നായികയാവുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പി സി ശ്രീറാം ആണ്. ഇത് ആന്തോളജിയുടെ ഭാഗമായുള്ള ലഘുചിത്രമാണെങ്കിലും സൂര്യയും ഗൗതം മേനോനും ഒന്നിച്ച് അടുത്തൊരു ഫീച്ചര്‍ ചിത്രവും ആലോചിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍ സംവിധായകന്‍ ഇതിനോടകം സൂര്യയ്ക്കു മുന്നില്‍ അവതരിപ്പിച്ചുകഴിഞ്ഞെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളാണ് സൂര്യയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. ഇരു ചിത്രങ്ങളും ഗംഭീര വിജയമാണ് കൈവരിച്ചത്.
അതേസമയം മണി രത്നം ക്രിയേറ്റര്‍ ആയുള്ള ചിത്രത്തില്‍ ബിജോയ് നമ്പ്യാര്‍, ഗൗതം വസുദേവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്‍റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും സംവിധാനം ചെയ്യുന്നു. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, സിദ്ധാര്‍ഥ്, പ്രകാശ് രാജ്, രേവതി, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, ഐശ്വര്യ രാജേഷ് തുടങ്ങി നാല്‍പതോളം പ്രമുഖ താരങ്ങള്‍ ഒന്‍പത് വ്യത്യസ്‍ത ഭാഗങ്ങളിലായി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ചാരിറ്റി പ്രോജക്റ്റ് എന്ന നിലയില്‍ കൂടിയാണ് നവരസ ഒരുങ്ങുന്നത്. താരങ്ങളോ സാങ്കേതികപ്രവര്‍ത്തകരോ പ്രതിഫലം വാങ്ങാതെ ഭാഗഭാക്കാവുന്ന സിരീസില്‍ നിന്നു ലഭിക്കുന്ന ലാഭം കൊവിഡ് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാവും ഉപയോഗിക്കുക.
Post Your Comments