മുംബൈ: ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നടനും സംവിധായകനും നിര്‍മാതാവുമായ രാജ് കൗശലിന്റെ വിയോഗം. ഭര്‍ത്താവിന്റെ അകാലവിയോഗം ഉൾക്കൊള്ളാനാകാതെ പൊട്ടിക്കരയുന്ന നടിയും മോഡലുമായ മന്ദിര ബേദിയെ ആശ്വസിപ്പിക്കാനാകാതെ പ്രയാസപ്പെടുകയാണ് താരങ്ങൾ ഉൾപ്പടെയുള്ള സുഹൃത്തുക്കൾ. ഇപ്പോഴിതാ മരിക്കുന്നതിന് കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് തനിക്ക് ഹൃദയാഘാതം വരുന്ന പോലെ തോന്നുന്നുവെന്ന് രാജ് മന്ദിരയോട് പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് ഇരുവരുടെയും സുഹൃത്തുംകൂടിയായ സംഗീത സംവിധായകൻ സുലൈമാൻ മർച്ചന്റ്. ഇടൈംസിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘തനിക്ക് ഹൃദയാഘാതം വരുന്ന പോലെ തോന്നുന്നുവെന്ന് രാജ് മന്ദിരയോട് പറഞ്ഞു. വേഗം തന്നെ മന്ദിര സുഹൃത്തും നടനുമായ ആശിഷ് ചൗധരിയെ വിവരമറിയിച്ചു, ആശിഷ് ഉടനെ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. രാജിനെ കാറിൽ കയറ്റി വേഗം ആശുപത്രിയിലേക്ക് പോയി. പക്ഷേ ആ സമയത്ത് രാജിന് ബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ലീലാവതി ഹോസ്പിറ്റലിലേക്കാണ് രാജിനെ കൊണ്ടു പോകാൻ തീരുമാനിച്ചതെന്ന് തോന്നുന്നു. പക്ഷേ ഒരു അഞ്ച് പത്ത് മിനിറ്റിനുള്ളിൽ തന്ന രാജിന് പൾസ് ഇല്ലെന്ന് അവർ തിരിച്ചറിഞ്ഞു. ഡോക്ടറുടെ അടുത്തെത്തിയപ്പോഴേക്കും വൈകിയിരുന്നു’-സുലൈമാൻ പറഞ്ഞു.
ബുധനാഴ്ച്ച രാവിലെയായിരുന്നു രാജ് കൗശലിന്റെ മരണം സംഭവിക്കുന്നത്. ശിവാജി പാർക്ക് ശ്മശാനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നടന്നത്. നടനായി സിനിമയിലെത്തിയ രാജ് മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്യാർ മെയ്ൻ കഭി കഭി, ഷാദി കാ ലഡ്ഡു, ആന്തണി കോൻ ഹേ തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങൾ.
Post Your Comments