കൊച്ചി : കോവിഡ് പ്രതിസന്ധി നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീ സിനിമാ നിർമ്മാണ പരിപാടിയുടെ രണ്ടാം റൗണ്ടിലെ അപേക്ഷകർക്ക് പ്രവേശന ഫീസ് വേണ്ടെന്ന് തീരുമാനിച്ച കെ.എസ്.എഫ്. ഡി.സി യുടെ നടപടിയെ ചെയ്ത് മലയാള സിനിമയിലെ വനിതാ കൂട്ടായ്മ. സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് തങ്ങളുടെ ആവശ്യം പരിഗണിച്ചു നടപടിയെടുത്ത കെ.എസ്.എഫ്. ഡി.സിയ്ക്ക് നന്ദി അറിയിച്ചത്.
ഡബ്ലു.സി.സി പങ്കുവച്ച കുറിപ്പ്
കെ.എസ്.എഫ്. ഡി.സി യുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സ്ത്രീ സിനിമാ നിർമ്മാണ പരിപാടിയുടെ രണ്ടാം റൗണ്ടിലെ അപേക്ഷകർക്ക് ഇന്നത്തെ കോവിഡ് സാഹചര്യത്തിൽ രണ്ടാം റൗണ്ടിലെ പ്രവേശന ഫീസ് വേണ്ടെന്ന് തീരുമാനിച്ച കെ.എസ്.എഫ്. ഡി.സി യുടെ നടപടി സമയോചിതമാണ്.
വൈവിധ്യമായ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്താനും, മലയാള സിനിമാ വ്യവസായത്തിൽ കൂടുതൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനായി കേരള സർക്കാർ വിഭാവന ചെയ്ത സമാനതകളില്ലാത്ത പ്രോഗ്രാമാണ് ഇത്. ഒരോ അപേക്ഷകയും സെലക്ഷനായി കർശനമായ പ്രക്രിയയിലൂടെയാണ് കടന്നു പോകേണ്ടത്. പ്രസ്തുത പരിപാടി ഇപ്പോൾ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ്. എന്നാൽ കോവിഡ് പകർച്ചവ്യാധി ഒട്ടേറെപേർക്ക് ജോലിയും, ജീവിതമാർഗ്ഗങ്ങളും നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ സെലക്ഷൻ പ്രക്രിയക്ക് നേരത്തെ നിശ്ചയിച്ച ഫീസ് ഒഴിവാക്കണമെന്ന് കെ.എസ്.എഫ്. ഡി.സി ചെയർമാനോട് ഡബ്ലു.സി.സി ആവശ്യപ്പെട്ടത്. ഞങ്ങളുടെ ആവശ്യത്തെ പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടു കൊണ്ട് സമയബന്ധിതമായി തന്നെ ഫീസ് പൂർണ്ണമായും ഒഴിവാക്കിയിരിക്കുന്നു എന്നത് ഏറെ ആശ്വാസത്തിന് വക നൽകുന്നു.
പ്രസ്തുത സ്ത്രീ സിനിമാ നിർമ്മാണ പ്രോഗ്രാമും,കെ.എസ്.എഫ്. ഡി.സി യുടെ പ്രതികരണവും മലയാള സിനിമയെ കൂടുതൽ സ്ത്രീ സൗഹാർദ്ദപരമായ ഇടമാക്കുന്നതിൽ സഹായിക്കുമെന്ന് ഡബ്ലു.സി.സി വിശ്വസിക്കുന്നു!
Post Your Comments