കാര്‍ത്തിക പോലും ചിരിയടക്കാന്‍ ബുദ്ധിമുട്ടി: ശ്രീനിവാസനെക്കുറിച്ച് സത്യന്‍ അന്തിക്കാടിന്റെ തുറന്നു പറച്ചില്‍

കോസ്റ്റ്യൂമര്‍ അത്തരമൊരു ഇനം തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചു

തന്റെ സൂപ്പര്‍ഹിറ്റ് സിനിമയിലെ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ചരിത്രം പറഞ്ഞു സംവിധായകന്‍ സത്യന്‍അന്തിക്കാട്. 1986-ല്‍പുറത്തിറങ്ങിയ ‘സന്മനസ്സുള്ളവര്‍ക്ക് സമാധാനം’ എന്ന സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’ എന്ന ഗാനത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘പ്രേം നസീറിന്റെ കാമുക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിതാനങ്ങളോടെ ശ്രീനിവാസനെ അവതരിപ്പിക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. വെള്ള ജുബ്ബയൊക്കെ ഇട്ട് പ്രണയലോലനായി ഷീലയുടെയോ ജയഭാരതിയുടെയോ ഒക്കെ പാടി നടക്കുന്ന നസീര്‍ സാര്‍. കോളറില്‍ കിന്നരി വെച്ച ഒരു ജുബ്ബ ധരിച്ചു കണ്ടിട്ടുണ്ട്. അദ്ദേഹം പല സിനിമകളിലും ഒരു ടിപ്പിക്കല്‍ നസീര്‍ ജുബ്ബ. കോസ്റ്റ്യൂമര്‍ അത്തരമൊരു ഇനം തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചു. പക്ഷേ ശ്രീനി അത് ഇട്ടു നോക്കിയപ്പോള്‍ ഒരു പ്രശ്നം. ഉള്ളതിലും കുറവ് ഉയരം തോന്നുന്നു. അത് അഭംഗിയാകും. അങ്ങനെയാണ് കുറച്ചു ഇറുകിപിടിച്ച ഷര്‍ട്ടിലേക്കും പാന്റ്സിലേക്കും മാറുന്നത്. വലിയ നടനും സംവിധായകനുമൊക്കെ ആണെങ്കിലും ആള്‍ക്കൂട്ടത്തിനു മുന്നില്‍  നിന്ന് അഭിനയിക്കാന്‍ ഇത്തിരി ചമ്മലുള്ള കൂട്ടത്തിലാണ് ശ്രീനിവാസന്‍. റിഹേഴ്സലില്‍ പകരം അഭിനയിച്ചത് ഞാനും വിപിന്‍ മോഹനുമൊക്കെ തന്നെ. പക്ഷേ ഷൂട്ട്‌ തുടങ്ങേണ്ട താമസം കഥാപാത്രമായി മാറി ശ്രീനി. കണ്ടു നിന്ന ഞങ്ങളൊക്കെ വളരെ പണിപ്പെട്ടു ചിരി ഒതുക്കി നിര്‍ത്തിയ നിമിഷങ്ങളായിരുന്നു അവ. കാര്‍ത്തിക പോലും ചിരിക്കാതിരിക്കാന്‍ ബുദ്ധിമുട്ടിയിരിക്കണം’. സത്യന്‍ അന്തിക്കാട് പറയുന്നു.

 

Share
Leave a Comment