ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കസ്തൂരിക്കെതിരെ രജിനിയുടെ കുടുംബം. രജിനിയുടെ കുടുംബാംഗങ്ങള്‍ തന്നെ നേരിട്ട് വിളിച്ച് ആരോഗ്യ നിലയെക്കുറിച്ച് സംസാരിച്ചുവെന്നും, അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് ആകുലപ്പെടാനൊന്നുമില്ലെന്നുമായിരുന്നു കസ്തൂരി പറഞ്ഞത്. എന്നാൽ രജിനിയുടെ കുടുംബം ആരെയും വിളിച്ചിട്ടില്ലെന്നും ഒരു തരത്തിലുമുള്ള വിശദീകരണം നല്‍കിയിട്ടില്ലെന്നും രജിനിയുടെ വക്താവ് റിയാസെ കെ അഹമ്മദ് അറിയിച്ചു.
ചികിത്സയ്ക്കായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് രജനികാന്ത് അമേരിക്കയിലേക്ക് പോയിരുന്നു. സ്വകാര്യ ജെറ്റില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു യാത്ര. ഇതിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുറേയേറെ സംശയങ്ങളുന്നയിച്ച് കസ്തൂരി രംഗത്ത് വന്നു.
കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലേക്ക് ഇന്ത്യന്‍ യാത്രികർക്ക് വിലക്കുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് രജിനി പോയതെന്ന് കസ്തൂരി ചോദിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ അനുമതിയോടെയാണ് രജിനി അമേരിക്കയിലേക്ക് പോയതെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇന്ത്യയില്‍ ചികിത്സ ലഭിക്കില്ലേയെന്ന് കസ്തൂരി ചോദിച്ചു. ഇതിന് തൊട്ടുപിന്നാലെ രജിനിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ശക്തമായി. തുടര്‍ന്ന് രജിനിയുടെ കുടുംബാംഗങ്ങള്‍ തന്നെ നേരിട്ട് വിളിച്ച് ആരോഗ്യ നിലയെക്കുറിച്ച് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് കസ്തൂരി ട്വീറ്റ് ചെയ്തത്.
രജിനിയുടെ കുടുംബം നിഷേധിച്ചതോടെ കസ്തൂരിക്കെതിരെ നിരവധിപേരാണ് വിമർശനവുമായെത്തിയത്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറയരുതെന്നും വിമര്‍ശകര്‍ കുറിച്ചു.
Post Your Comments