മലയാള സിനിമയില്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ‘യോദ്ധ’ എന്ന ചിത്രം അതിന്റെ എല്ലാ പ്രാധാന്യത്തോടെയും ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാലും, ജഗതി ശ്രീകുമാറുമൊക്കെ തകര്‍ത്തഭിനയിച്ച തന്റെ പ്രിയപ്പെട്ട സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ തൈപ്പറമ്പില്‍ അശോകനെ പോലെ തന്നെ തന്റെ സിനിമയിലെ സൂപ്പര്‍ ഹീറോയായിരുന്നു ജഗതി ചെയ്ത അരിശുംമൂട്ടില്‍ അപ്പുക്കുട്ടനെന്നു പങ്കുവയ്ക്കുകയാണ് സംവിധായകന്‍ സംഗീത് ശിവന്‍. വനിതയുടെ ‘ഓര്‍മ്മയുണ്ട് ഈ മുഖം’ എന്ന പ്രത്യേക പംക്തിയിലാണ് യോദ്ധയെക്കുറിച്ചും അതില്‍ അരിശുംമൂട്ടില്‍ അപ്പുക്കുട്ടനുണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചും സംഗീത് ശിവന്‍ പങ്കുവച്ചത്.
‘അരുശുംമൂട്ടില്‍ അപ്പുക്കുട്ടന്റെ മുറപ്പെണ്ണാണ് ദമയന്തി. ഉര്‍വശിയാണ് ദമന്തിയായി അഭിനയിച്ചത്. ആറോ ഏഴോ സീനിലേയുള്ളൂ. ഉര്‍വശിയാണെങ്കില്‍ അന്ന് എല്ലാ സിനിമകളിലും നായികയാണ്. എന്നിട്ടും കഥ കേട്ടപ്പോള്‍ അഭിനയിക്കാമെന്നു സമ്മതിച്ചു. ആ നന്ദി ഇപ്പോഴും ഉര്‍വശിയോടുണ്ട്. തൈപ്പറമ്പില്‍ അശോകനേയും, അശ്വതിയെയും യോജിപ്പിച്ചതിലൂടെ വേണമെങ്കില്‍ സിനിമ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ ഞങ്ങള്‍ ആലോചിച്ചത് അപ്പുക്കുട്ടന്റെ ക്ലൈമാക്സ് എന്താണെന്നാണ്. ഏറെ ചിന്തിച്ചതിനു ശേഷമാണ് അഭിഷേകം ചെയ്ത കുഞ്ഞന്‍ ലാമയെ വീണ്ടും വിരട്ടാനെത്തുന്ന കുങ്ങ്ഫുക്കാരന്റെ കറുത്ത വേഷത്തില്‍ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്. ആത്യന്തികമായ വിജയം അശോകനാണെങ്കിലും അപ്പുക്കുട്ടനും തൊട്ടു പിറകിലുണ്ടെന്നു പറയുന്നതായിരുന്നു യോദ്ധയുടെ ക്ലൈമാക്സ്’.
Post Your Comments