
സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘പത്തൊൻപതാം നൂറ്റാണ്ട്’. ഇപ്പോഴിതാ സിനിമ തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനയൻ. കൂടാതെ ചിത്രത്തിന്റെ എഡിറ്റിങ് ജോലികൾ ആരംഭിച്ചതായും വിനയൻ അറിയിച്ചു.
വിനയന്റെ വാക്കുകൾ:
‘പത്തൊൻപതാം നൂറ്റാണ്ട്’ എഡിറ്റിങ് ജോലികൾ ആരംഭിച്ചു. വിവേക് ഹർഷനാണ് എഡിറ്റർ. കോവിഡിൻെറ തീവ്രത കുറഞ്ഞതിനു ശേഷം ക്ലൈമാക്സ് ഇനിയും ഷൂട്ടുചെയ്യേണ്ടതായിട്ടുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്മയക്കാഴ്ചയായ സിനിമ നല്ല തിയറ്ററുകളിലെ സാങ്കേതിക സൗകര്യത്തോടു കൂടി കണ്ടാലേ അതിൻെറ പൂർണ്ണ ആസ്വാദനത്തിലെത്തു. ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്റെ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ചു പറയാനാകൂ.
അതുകൊണ്ടു തന്നെ നൂറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി ആക്‌ഷൻ സ്വീക്വൻസുകളും ഒക്കെയുള്ള പത്തൊൻപതാം നൂറ്റാണ്ട് എത്ര കാത്തിരുന്നാലും ശരി തിയറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യു എന്ന തീരുമാനമാണ് ഞങ്ങൾ എടുത്തിരിക്കുന്നത്. വലിയ താരപദവിയും ജനകീയമായ അംഗീകാരവുമൊക്കെ സിനിമാക്കാർ നേടിയെടുത്തതിൽ തിയറ്ററുകളിലെ ആരവങ്ങൾക്കു വലിയ പങ്കുണ്ടായിരുന്നു എന്ന കാര്യം സിനിമാക്കാർ എങ്കിലും മറക്കരുത് എന്നാണ് എന്റെ അഭിപ്രായം’.
Post Your Comments