കോവിഡ് മഹാമാരിക്കിടയില്‍ ചിത്രീകരിച്ച സ്വതന്ത്ര സിനിമ ‘മതിലുകള്‍: ലൗ ഇന്‍ ദ ടൈം ഓഫ് കൊറോണ’ കൂടുതൽ പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നു. ജൂൺ 11 ന് റൂട്സ് വീഡിയോയിൽ റിലീസ് ചെയ്ത ചിത്രം ഇനി മുതൽ ഫസ്റ്റ് ഷോസ്, ലൈംലൈറ്റ്, സീനിയാ എന്നീ ചാനലുകളിലും പ്രദർശപ്പിക്കും. സിനിമ ഇഷ്ടപ്പെട്ട് ചാനലുകൾ പ്രദർശനം സജ്ജമാക്കിയത് അഭിമാനകരമായ നേട്ടമാണെന്ന് ചിത്രത്തിൻ്റെ രചയിതാവും സംവിധായകനും ഏകപാത്ര നടനുമായ അൻവർ അബ്ദുള്ള പറഞ്ഞു.
കൊറോണാകാലത്ത്, ലോക്ക് ഡൗണ്‍ സമയമായ 2020 ജൂണ്‍ മാസത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. സംവിധായകന്‍ തന്നെ ഏകപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതിനാൽ ഛായ നിര്‍വഹിച്ച മുഹമ്മദ് എ മാത്രമാണു ക്യാമറയ്ക്കു പിന്നില്‍. സംവിധായകന്റെ വീട്ടില്‍ ഒരാഴ്ചയോളം താമസിച്ച്, പുറത്തുപോകാതെ, വീട്ടിന്റെ പൂട്ടിയ ഗേറ്റിനുള്ളില്‍ മാത്രമായിരുന്നു ചിത്രീകരണം. കൊറോണാകാലത്ത് ക്വാറന്റൈനില്‍ ഒറ്റപ്പെട്ടുപോയ പരാജയപ്പെട്ട എഴുത്തുകാരന്‍ കൂടിയായ പ്രവാസി എല്ലാ ലോകസമ്പര്‍ക്കങ്ങളും നഷ്ടപ്പെട്ട്, ബഷീറിയൻ സ്വപ്‌നകാമനകളില്‍ ഭ്രമിക്കുന്നതാണു കഥ.
എഡിറ്റിംഗും സംഗീതവും രാജ്കുമാര്‍ വിജയ് നിര്‍വഹിച്ചു. ശബ്ദം: വിഷ്ണു പ്രമോദ് – അജയ് ലെഗ്രാന്റ്, ഡി.ഐ. – വി.ശ്രീധര്‍, സ്റ്റുഡിയോകള്‍ – എഡിറ്റ് ലാന്റ്, യൂണിറ്റി, ഡി. ക്ലൗഡ്. സുനില്‍കുമാര്‍ എന്‍, സ്മിതാ ആരഭി, ഷിബു ടി.ജോസഫ്, ബാലു മുരളീധരന്‍ നായര്‍, ഹേമ ചന്ദ്രേടത്ത്, ഷൈജു, നീരജ് എന്നിവരാണു സഹകാരികള്‍.
Post Your Comments