ലാൽ ജോസ് എന്ന സംവിധായകൻ റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ അനുശ്രീ എന്ന നടി ഇതുവരെയുള്ള തൻ്റെ സിനിമാ ജീവിതത്തിനിടെയുള്ള ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തികളെക്കുറിച്ച് പങ്കുവയ്ക്കുകയാണ്. ഏറ്റവും കടപ്പാടുള്ള ലാൽ ജോസ് എന്ന സംവിധായകനോടാണ് ഏറ്റവും ദൃഡമായ ബന്ധം കാത്തു സൂക്ഷിക്കുന്നതെന്നും ഗുരുവും സുഹൃത്തുമൊക്കെയായി ആ ബന്ധം ഇന്നും ഊഷ്മളമായി നിലനിൽക്കുന്നുവെന്നും അനുശ്രീ പറയുന്നു. ‘എന്താ അളിയാ’ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കാൻ മലയാള സിനിമയിൽ തനിക്കൊരു നടനുണ്ടെന്നും അത് കുഞ്ചാക്കോ ബോബനാണെന്നും താരം ഒരു അഭിമുഖ പരിപാടിയിൽ സംസാരിക്കവേ വ്യക്തമാക്കുന്നു. നടിമാരിൽ രജീഷ വിജയനാണ് തൻ്റെ അടുത്ത ചങ്ങാതിയെന്നും അനുശ്രീ പറയുന്നു.
അനുശ്രീയുടെ വാക്കുകള്‍
‘എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാൽ ജോസ് സാർ തന്നെയാണ് എൻ്റെ ഏറ്റവും നല്ല സുഹൃത്ത്. ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയ്ക്ക് ശേഷം സാറിൻ്റെ ഒരു സിനിമയിൽ ലീഡ് റോൾ ചെയ്യാൻ എനിക്ക് കഴിഞ്ഞിട്ടില്ല. ‘പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല. ഒരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്നേഹ ബന്ധം ആരുമായിട്ടാണ് നിലനിർത്തുന്നതെന്ന് ചോദിച്ചാൽ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങൾ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയിൽ എനിക്ക് ‘അളിയാ’ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങൾ ചോദിക്കാൻ കഴിയുന്ന ഒരു നടനുണ്ട്. അത് ചാക്കോച്ചനാണ്’.
Post Your Comments