അധ്യാപക പരീക്ഷാഫലത്തിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം: സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം

ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് റിസൾട്ടിലാണ് ഋഷികേശ് കുമാർ എന്നയാളുടെ സ്ഥാനത്ത് അനുപമയുടെ ചിത്രം വന്നിരിക്കുന്നത്

പട്ന: അധ്യാപക പരീക്ഷാഫലത്തിൽ നടി അനുപമ പരമേശ്വരന്റെ ചിത്രം. ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് റിസൾട്ടിലാണ് ഋഷികേശ് കുമാർ എന്നയാളുടെ സ്ഥാനത്ത് അനുപമയുടെ ചിത്രം തെറ്റായി വന്നിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞതോടെ വലിയ വിമർശനമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

പരീക്ഷാഫല പ്രഖ്യാപനത്തിലും മൂല്യനിര്‍ണയത്തിലും ക്രമക്കേടുണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. നിരവധി ഉദ്യോഗാര്‍ത്ഥികളും പ്രതിഷേധവുമായി വന്നിട്ടുണ്ട്.

‘സണ്ണി ലിയോണിനെ എഞ്ചിനീയറിംഗ് പരീക്ഷയിൽ ടോപ്പ് ആക്കിയ ശേഷം ഇപ്പോൾ മലയാളം നടി അനുപമ പരമേശ്വരനെ എസ്ടിഇടി പരീക്ഷ പാസാക്കിയിരുന്നു. നിതീഷ് ജി എല്ലാ പരീക്ഷയും റിഗ്ഗിംഗ് ചെയ്ത് പുനരാരംഭിക്കുന്നതിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്’, തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

ഇതാദ്യമായല്ല നടിയുടെ ചിത്രം സംസ്ഥാനതല പരീക്ഷാ ഫലങ്ങളില്‍ അബദ്ധത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2019 ല്‍ 98.50 പോയിന്റുമായി ബീഹാര്‍ പബ്ലിക് ഹെല്‍ത്ത് എഞ്ചിനീയറിംഗ് വകുപ്പ് (പി.എച്ച്.ഇ.ഡി) പുറത്തിറക്കിയ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള മെറിറ്റ് പട്ടികയില്‍ ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ചിത്രവും വന്നിരുന്നു.

Share
Leave a Comment