കൊച്ചി : സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചൂടൻ ചർച്ച സ്ത്രീധനമാണ്. വിസ്മയ, അർച്ചന തുടങ്ങിയ പെൺകുട്ടികൾ സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സ്ത്രീധന വിഷയം വീണ്ടും സജീവമായി ഉയർന്നു വന്നത്. ഇതിൽ തന്റെ നിലപാട് അറിയിച്ച നടി വീണാ നായർക്ക് നേരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപം ഉയർന്നിരുന്നു.
വീണയുടെ വിവാഹ ചിത്രത്തെ മുന്നിർത്തിയായിരുന്നു വിമർശനം. ദേഹത്ത് മുഴുവൻ സ്വർണ്ണം ഇട്ടിട്ടു ഇപ്പോൾ സ്ത്രീധനത്തിന് എതിരെ സംസാരിക്കുന്നത് ശരിയല്ലെന്നായിരുന്നു പലരും ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇത് തന്റെ അദ്ധ്വാനത്തിന്റെ ഭാഗമായി താൻ സ്വന്തമാക്കിയതാണെന്ന വിശദീകരണവുമായി താരം രംഗത്തെത്തി. ഇപ്പോഴിതാ വീണയ്ക്ക് സപ്പോർട്ടുമായി എത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വീണയ്ക്ക് താരം പിന്തുണ അറിയിച്ചത്.
read also: മുന്നോട്ട് പോകുന്നതിനെക്കാൾ വേർപിരിയുന്നതാണ് നല്ലതെന്ന് തോന്നി: വിവാഹ മോചനത്തെ കുറിച്ച് കൃതി കുൽഹാരി
താരത്തിന്റെ കുറിപ്പ്
”വീണാ നായരെ ട്രോളുകയും അവളുടെ പിഞ്ചു കുഞ്ഞിനെയടക്കം തെറി വിളിക്കുകയും ചെയ്യുന്നവർ ഇതു കൂടി അറിയണം.ആദ്യമായി വീണ സീരിയലിൽ അഭിനയിക്കാൻ വന്നത് മുതൽ വീണയെ എനിക്കറിയാം. സ്വാതി തിരുനാൾ അക്കാദമിയിൽ ഡിഗ്രിയ്ക്ക് പഠിക്കാനായി ആണ് വീണ തിരുവനന്തപുരത്തേക്ക് വരുന്നത്. അങ്ങനെ അവർ ആറ്റുകാൽ സ്ഥിര താമസമാക്കുകയും സീരിയലുകളിൽ അഭിനയിച്ചു തുടങ്ങുകയും ചെയ്തു.ആദ്യത്തെ സീരിയൽ തന്നെ എന്റൊപ്പം ആണ്. ഉറക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അവളും ഞാനും ചേച്ചിയും അനിയത്തിയുമായി. യാതൊരു പക്വതയുമില്ലാത്ത ആ പത്തൊൻപതു കാരിയെ ഷൂട്ടിംഗ് ന് കൊണ്ടു വന്നിരുന്നത് അവളുടെ അമ്മയാണ്.
എന്നാൽ അവളുടെ ഡിഗ്രി കാലഘട്ടത്തിൽ തന്നെ അച്ഛന് ഗുരുതരമായ രോഗം ബാധിച്ചു. പിന്നീട് അമ്മയും രോഗ ബാധിതയായി. ഇവരെ രണ്ടുപേരെയും ചികിത്സിക്കുക മുതലുള്ള ഉത്തരവാദിത്തങ്ങൾ ആ കുട്ടിയും ആങ്ങളയും ഏറ്റെടുത്തു.ഞാൻ കണ്ട പൊട്ടിക്കാളി ഉത്തരവാദിത്തമുള്ള ഒരു മുതിർന്ന പെണ്ണായി. നിർഭാഗ്യവശാൽ ആ അമ്മയും അച്ഛനും പെട്ടെന്ന് പെട്ടെന്ന് മരണമടഞ്ഞു.
തളർന്നു പോയ അവളുടെ അതി ജീവനത്തിന് അവൾ സ്വരുക്കൂട്ടിയതാണ് അവളുടെ കഴുത്തിലും കാതിലും കയ്യിലും നിങ്ങൾ കണ്ട വിവാഹ ഫോട്ടോയിലെ ആഭരണങ്ങൾ. അവളുടെ മനക്കരുത്ത്.കൊട്ടക്കണക്കിന് വീട്ടുകാർ പൊതിഞ്ഞ് കൊടുക്കാത്തവരും സ്വർണ്ണം ധരിക്കുന്നുണ്ട്. പെൺകുട്ടികൾ വിവാഹ ദിനത്തിൽ അണിയുന്ന എല്ലാ പൊന്നും വരന്റെ വീട്ടുകാർ കണക്ക് പറഞ്ഞു മേടിക്കുന്ന സ്വർണ്ണവും അല്ല.
ഇവിടെ അച്ഛനും അമ്മയുമില്ലാതെ സീരിയലിൽ അഭിനയിച്ചു വിവാഹം കഴിച്ച വീണയും, വിദ്യാഭ്യാസ ലോൺ എടുത്തു പഠിച്ച് വിദേശ രാജ്യത്ത് പോയി ജോലി ചെയ്തു കല്യാണം കഴിച്ച അശ്വതിയും പതിനാറ് വയസ്സ് മുതൽ നാടകത്തിൽ അഭിനയിച്ച് ആ കാശിന് സ്വർണ്ണം വാങ്ങിയിട്ടും ഒരു തരി പൊന്ന് പോലും ഇടാതെ കതിർമണ്ഡപത്തിൽ കയറിയ ഞാനുമെല്ലാം മുന്നോട്ട് വയ്ക്കുന്നത് ഒരേ കാര്യമാണ്.പെൺകുട്ടികൾ കാര്യശേഷി ഉള്ളവർ ആവണം. ഈ സ്വർണ്ണം എന്നത് മികച്ച ഒരു സേവിങ്സ് ആണ്. ഒരു പവൻ കയ്യിലുള്ള പെണ്ണിനും അത് അവളുടെ മുന്നോട്ടുള്ള ജീവിതത്തിന് അതി ജീവനത്തിന് ഉപകരിക്കുന്ന ഒരു സംഗതിയാണ്.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്.”
Post Your Comments