തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ എന്ന ശിവശങ്കരൻ നായർ അറിയപ്പെടുന്നത് മലയാളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ എന്ന പേരിലായിരുന്നു. ഫോട്ടോഗ്രാഫി ലോകത്തിന്റെ തൃക്കണ്ണ് എന്ന് നിസംശയം വിളിക്കാവുന്ന അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് മഞ്ജു വാര്യർ, പൃഥ്വിരാജ്, പിണറായി വിജയൻ തുടങ്ങിയവർ രംഗത്തെത്തി.
രാജ്യാന്തരകീർത്തി നേടിയ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു ശിവൻ. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സംവിധായകനും കലാസംവിധായകനുമായ ശിവൻ ഒരു നിർമ്മാതാവ് കൂടെയായിരുന്നു. ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചിത്രങ്ങൾ മുതൽ ഇങ്ങോട്ട് കേരള രാഷ്ട്രീയത്തിന്റെ പല സുപ്രധാന സന്ദർഭങ്ങൾ പകർത്തി ജനശ്രദ്ധ നേടിയ ആളായിരുന്നു ശിവൻ എന്ന ശിവശങ്കരൻ നായർ. ഛായാഗ്രാഹകനായ സന്തോഷ് ശിവൻ, സംഗീത് ശിവൻ, സഞ്ജീവ് ശിവൻ, സരിത രാജീവ് ഉദയഭാനു എന്നിവർ മക്കളാണ്. ഭാര്യ : ചന്ദ്രമണി.
1972 ൽ ബാബു നന്ദൻകോടിന്റെ സംവിധാനത്തിൽ ശിവൻ നിർമ്മിച്ച സ്വപ്നം നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കി. മൂന്ന് ദേശീയ അവാർഡുകൾ നേടിയ യാഗം (1981 ) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ അഭയം ( 1991 ) കൊച്ചു കൊച്ചു മോഹങ്ങൾ ( 1993 ) ഒരു യാത്ര ( 1999 ) കിളിവാതിൽ ( 2008 ) മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന , ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ കേശു ( 2009 ) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.
മലയാളത്തിന്റെ ക്ലാസിക് ആയ ‘ചെമ്മീൻ’ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവൻ ആയിരുന്നു. മലയാളത്തിലെ ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഫോട്ടോ ജേർണലിസം, സിനിമ, നാടകം, ഡോക്യൂമെന്ററി രംഗങ്ങളിൽ സജീവമായ സാന്നിധ്യമായിരുന്നു ശിവൻ. ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേതെന്ന് മുഖ്യമന്ത്രി ഓർമ്മിക്കുന്നു. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Post Your Comments