ശാസ്താംകോട്ടയില്‍ ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി യുവനടന് ഷെയ്ന് നിഗം എത്തിയിരിക്കുകയാണ്. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വിളിച്ചുപറയാനുള്ള ഇച്ഛാശക്തിയാണ് വ്യക്തികള്‍ ആര്‍ജിക്കേണ്ടതെന്നും ഷെയ്ന് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഷെയ്ന് നിഗത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:
കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഡനം നേരിട്ട യുവതികൾ. ആത്മഹത്യ ഇതിനു പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇച്ഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ “തോല്‍ക്കുക”യല്ലേ സത്യത്തിൽ? നമ്മുടെ പാഠ്യ സിലബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.
Post Your Comments