ആലപ്പുഴ: കാവ്യകുടുംബത്തിലെ അനുജന്മാർ യാത്ര പറയുമ്പോൾ ജ്യേഷ്ഠനായ താൻ നിസ്സഹായനായി എല്ലാം കണ്ടു നിൽക്കുകയാണെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗാനരചയിതാവ് പൂവച്ചൽ ഖാദറിനെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിജീവിതത്തിലും ഖാദർ തന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നുവെന്നും ഖാദറിന്റെ പെണ്മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളിൽ പോലും അദ്ദേഹത്തിന്റെ തൊട്ടടുത്ത് തന്നെ നിർബ്ബന്ധിച്ച് ഇരുത്തുകയുണ്ടായി എന്നും ശ്രീകുമാരൻ തമ്പി അനുസ്മരിക്കുന്നു. ഖാദറിന്റെ കൊച്ചുമക്കൾക്ക് താൻ തമ്പിയപ്പൂപ്പനാണെന്നും നഷ്ടങ്ങളുടെ കഥ തുടരുകയാണെന്നും അദ്ദേഹം പറയുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
ഒടുവിൽ പൂവച്ചൽ ഖാദറും പോയി. രണ്ടു വർഷങ്ങളായി ഖാദർ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. നടക്കുമ്പോൾ തല ചുറ്റുന്നതു പോലെ തോന്നും എന്നു പറയും .ഞാൻ അദ്ദേഹത്തെ വീട്ടിൽ പോയി കാണുമായിരുന്നു.കൊറോണ കാലമായപ്പോൾ ആശയവിനിമയം ഫോണിലൂടെ മാത്രമായി. വ്യക്തിജീവിതത്തിലും ഖാദർ എന്നെ സ്വന്തം ജ്യേഷ്ഠനായി അംഗീകരിച്ചിരുന്നു.
ഖാദറിന്റെ രണ്ടു പെണ്മക്കളുടെ വിവാഹങ്ങളോടനുബന്ധിച്ചുള്ള മതപരമായ ചടങ്ങുകളിൽ പോലും ഖാദർ അദ്ദേഹത്തിന്റെ തൊട്ടടുത്ത് എന്നെ നിർബ്ബന്ധിച്ച് ഇരുത്തുകയുണ്ടായി. ഖാദറിന്റെ കൊച്ചുമക്കൾക്ക് ഞാൻ തമ്പിയപ്പൂപ്പനാണ്. നഷ്ടങ്ങളുടെ കഥ തുടരുന്നു. കാവ്യകുടുംബത്തിലെ അനുജന്മാർ യാത്ര പറയുമ്പോൾ ജ്യേഷ്ഠനായ ഞാൻ നിസ്സഹായനായി എല്ലാം കണ്ടു നിൽക്കുന്നു. ആദിയെവിടെ അന്ത്യമെവിടെ പായുന്നു കാലമാം പടക്കുതിര.
Post Your Comments