മലയാളികളുടെ മനസ്സിൽ ശരറാന്തൽ തിരി താഴ്ത്തി കടന്നു വന്ന മുകിലാണ് പൂവച്ചൽ ഖാദർ. കോവിഡ് മഹാമാരികാലത്തെ വലിയൊരു നഷ്ടമാണ് ലളിതമായ വാക്കുകളിലൂടെ ജനകീയമായ നിരവധി ഗാനങ്ങൾ ഒരുക്കിയ പൂവച്ചൽ ഖാദറിന്റെ വേർപാട്. 1970–80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവായിരുന്നു ഇദ്ദേഹം.
വിജയനിർമല സംവിധാനം ചെയ്‌ത 1973 -ൽ ‘കവിത’ എന്ന സിനിമയിലടെയായിരുന്നു പൂവച്ചൽ ഖാദർ ചലച്ചിത്രരംഗത്തേയ്ക്ക് എത്തിയത്. ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിലെ ‘നീ എന്റെ പ്രാർത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹത്തിന്റെ തൂലിക മലയാളികൾക്ക് സമ്മാനിച്ചത് ആയിരത്തിലേറെ നിത്യഹരിതഗാനങ്ങളാണ്.
`ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു…’ യേശുദാസിന്റെ എക്കാലത്തെയും മികച്ച പ്രണയഗാനങ്ങളിൽ ഒന്നായ ഈ ഗാനത്തിന്റെ രചന നിർവഹിച്ചത് പൂവച്ചൽ ഖാദറാണ്. `കായലും കയറും’ എന്ന ചിത്രത്തിനു ഈ ഗാനം പൂവച്ചൽ ഖാദർ ഒരുക്കിയതിനെക്കുറിച്ചു മുൻപ് അദ്ദേഹം പറഞ്ഞത് രവിമേനോൻ പങ്കുവയ്ക്കുന്നു.. “സംവിധായകൻ പറഞ്ഞുതന്ന സിറ്റുവേഷന് അനുയോജ്യമായ വരികൾ തന്നെയാണ് ഞാൻ എഴുതിയത്: `രാവിൻ കണ്മഷി വീണുകലങ്ങിയ’ എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം. പാട്ട് കൊള്ളാം, പക്ഷേ കുറച്ചുകൂടി ജനകീയമാകണം ഈണവും വരികളും എന്ന് സംവിധായകൻ പറഞ്ഞപ്പോൾ ഞൊടിയിടയിൽ സംഗീത സംവിധായകൻ കെ വി മഹാദേവൻ ട്യൂൺ മാറ്റി. അതൊരു വെല്ലുവിളിയായിരുന്നു എനിക്ക്. അതേയിരിപ്പിൽ പത്തു പതിനഞ്ചു നിമിഷങ്ങൾക്കകം പുതിയ വരികൾ എഴുതിക്കൊടുത്തു ഞാൻ. ഈണത്തിന്റെ സ്കെയിലിൽ പൂർണ്ണമായും ഒതുങ്ങിനിൽക്കുന്ന പാട്ട്.” വാശിയോടെ അന്ന് പൂവച്ചൽ എഴുതിക്കൊടുത്ത പാട്ട് ഇന്ന് ചരിത്രത്തിന്റെ ഭാഗം: “ശരറാന്തൽ തിരി താണു മുകിലിൻ കുടിലിൽ, മൂവന്തിപ്പെണ്ണുറങ്ങാൻ കിടന്നു.”
`കായലും കയറും’ എന്ന ചിത്രത്തിനായി തയ്യാറാക്കിയ ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എത്തിടാമോ പെണ്ണേ ചിറയൻകീഴിലെ പെണ്ണേ ചിരിയിൽ ചിലങ്ക കെട്ടിയ പെണ്ണേ (യേശുദാസ്), കടക്കണ്ണിലൊരു കടൽ കണ്ടു (വാണി ജയറാം), രാമായണത്തിലെ ദുഃഖം (എൻ വി ഹരിദാസ്). “കാറ്റു വിതച്ചവൻ” (1973) എന്ന ചിത്രത്തിന് വേണ്ടി പീറ്റർ രൂബന്റെ സംഗീതത്തിൽ ഒരുക്കിയ ഭക്തിഗാനം “നീയെന്റെ പ്രാർത്ഥന കേട്ടു, നീയെന്റെ മാനസം കണ്ടു…” നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), മൗനമേ നിറയും മൗനമേ (തകര), ഏതോ ജന്മ കൽപ്പനയിൽ (പാളങ്ങൾ), ഇതിലേ ഏകനായ് (ഒറ്റപ്പെട്ടവർ), ഋതുമതിയായ് തെളിമാനം (മഴനിലാവ്), അനുരാഗിണീ ഇതായെൻ (ഒരു കുടക്കീഴിൽ), സിന്ദൂര സന്ധ്യക്ക് മൗനം (ചൂള), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാൺസിംഹം (സന്ദർഭം), കരളിലെ കിളി പാടി (അക്കച്ചീടെ കുഞ്ഞുവാവ), മന്ദാരച്ചെപ്പുണ്ടോ (ദശരഥം), പൂമാനമേ (നിറക്കൂട്ട് ), പൊൻവീണേ (താളവട്ടം), കിളിയേ കിളിയേ (ആ രാത്രി), കായൽക്കരയിൽ തനിച്ചുവന്നത് (കയം) ഏതോ ജന്മ കൽപനയിൽ, മൗനമേ.. നാണമാവുന്നു മേനി നോവുന്നു, മലരും കിളിയും ഒരു കുടുംബം. തുടങ്ങി മലയാളികൾ എക്കാലവും നെഞ്ചേറ്റുന്ന ഹൃദ്യഗാനങ്ങൾ പൂവച്ചലിന്റെ രചനാ സുഗന്ധം നിറഞ്ഞവയാണ്. ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന എൺപതുകളിൽമാത്രം എണ്ണൂറോളം പാട്ടുകൾ രചിച്ച ഇദ്ദേഹം ആകാശവാണിക്കുവേണ്ടി നിരവധി ലളിതഗാനങ്ങളും വി എം കുട്ടി, കെ വി അബൂട്ടി തുടങ്ങിയവർക്കുവേണ്ടി മാപ്പിളപ്പാട്ടുകളും എഴുതിയിട്ടുണ്ട്.
Post Your Comments