“ഞാൻ മരിച്ചു പോയാൽ എൻ്റെ അച്ഛനോടു നീ പറയണം ലോകത്ത് ഞാനിത്ര മാത്രം മറ്റൊരാളേയും സ്നേഹിച്ചിട്ടില്ലെന്ന് എല്ലാ മോഹങ്ങളും ഞാൻ തകർത്തു .മാപ്പ് പറഞ്ഞൂന്നുപറയണം: “…… സേതുമാധവൻ/കിരീടം
സഫലീകരിക്കാത്ത സ്വപ്നങ്ങൾ മക്കളിലൂടെ നേടിയെടുക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. അതിൻ്റെ വഴിത്താരകളിൽ എന്തും സംഭവിക്കാം. ലക്ഷ്യം പൂർത്തികരിക്കാം പാതിവഴിയിൽ പിരിഞ്ഞു പോകാം അപകടങ്ങൾ സംഭവിക്കാം. അത്തരമൊരു പശ്ചാത്തലത്തിലാണ് അച്ചുതൻ നായരുടെ സ്വപ്നങ്ങൾ പ്രസക്തമാകുന്നത് .പോലീസ് കോൺസ്റ്റബിൾ ആയ അച്ചുതൻ നായരുടെ ആഗ്രഹം മകൻ സേതുമാധവൻ പോലീസ് ഇൻസ്പെക്ടർ ആവണം എന്നതായിരുന്നു. പക്ഷേ സംഭവിച്ചത് മറ്റാന്നൊയിരുന്നു.സേതുമാധവൻ ഒരു ക്രിമിനലായി മാറി. അച്ഛൻ്റെ സ്വപ്നങ്ങൾ തകർത്തു.
ലോഹിത ദാസിൻ്റെ തൂലികയിൽ വിരിഞ്ഞ കിരീടത്തിലെ ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ മലയാളിയെ പുതിയൊരു കാഴ്ചയിലേക്കാണ് നയിച്ചത്. അച്ചുതൻ നായരെന്ന സാധാരണ മനുഷ്യൻ്റെ പ്രതീക്ഷ സേതുമാധവനിലായിരുന്നു. അച്ഛൻ്റെ ആഗ്രഹം പോലെ സേതു പ0നത്തിൽ മികവു കാട്ടി മുന്നേറുന്നു. അപ്രതീക്ഷിതമായി ‘കീരിക്കാടൻ എന്ന റൗഡിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്ന അച്ചുതൻ നായരെ കീരിക്കാടൻ ആക്രമിക്കുന്നു .സ്വന്തം പിതാവിനുനേരേയുള്ള ആക്രമണത്തിനു സാക്ഷിയായ സേതു കീരിക്കാടിന അടിച്ചു നിരത്തുന്നു .സേതുവിൻ്റെ വിജയത്തിൽ സന്തോഷിച്ച പൊതു ജനം കീരിക്കാടൻ്റെ കിരീടം സേതുവിനു നൽകുന്നു. ആ സാഹചര്യത്തിൽ അച്ചുതൻനായരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു .തിരിച്ചു മടങ്ങാനാകാത്ത വിധം സേതു അകന്നു പോകണ്ട സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു. ഒടുവിൽ കീരിക്കാടനെ കൊലപ്പെടുത്തി സേതു കീഴടങ്ങുന്നു.
read also: ഇദ്ദേഹം എങ്ങനെ സംവിധായകനായി എന്നോര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് !: ലക്ഷ്മി ഗോപാലസ്വാമി
മലയാള സിനിമയിലെ മികച്ച അച്ഛൻ മകൻ ബന്ധത്തിനുള്ള ഉദാഹരണങ്ങളിലൊന്നായി ഇരുവരെയും ചൂണ്ടിക്കാണിക്കാം. അത്രമേൽ ഹ്യദയസ്പർശിയായ രംഗങ്ങളിലൂടെയാണ് കിരീടം നീങ്ങിയത്. അച്ഛനെ റൗഡി തല്ലുന്ന കണ്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ് സേതുമാധവനെങ്കിലും അയാൾക്കു ചുറ്റിലുള്ള സാഹചര്യങ്ങൾ അയാളെ തെറ്റുകാരനാക്കി വിധിക്കുന്നു. നാട്ടുകാരും ഹൈദ്രോസും അളിയനും സുഹൃത്തുക്കളുമെല്ലാം സേതുമാധവനെ കുഴിയിലാക്കുമ്പോൾ അയാൾക്ക് എല്ലാം നഷ്ടമാകുകയായിരുന്നു .തൻ്റെ സ്വപ്നങ്ങൾ മാത്രമല്ല മകനും സ്വപ്നങ്ങളും ജീവിതവും നഷ്ടപ്പെടുകയാണെന്നു തിരിച്ചറിഞ്ഞ അച്ചുതൻ നായരുടെ ഹൃദയ വ്യഥകൾ ചിത്രത്തിലുടനീളമുണ്ട്…. ശരാശരി മലയാളിയുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്ന ഈ അച്ഛനും മകനും. ഇപ്പോഴും മലയാളിയുടെ ജീവിതത്തെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു.
തിലകൻ -മോഹൻലാൽ കോംബിനേഷൻ സൃഷ്ടിച്ച മാസ്മരിക രംഗങ്ങളാണ് കിരീടത്തെ ഇന്നും ഹൃദയഹാരിയായി നില നിർത്തുന്നത്. ‘ കിരീടത്തിൻ്റെ തുടർച്ചയായ ചെങ്കോലിലും ആടുതോമയുടെ കഥ പറഞ്ഞ സ്ഫടികത്തിലും പൂവള്ളി ഇന്ദുചൂഡ ൻ്റെ കഥ പറഞ്ഞ നരസിംഹത്തിലും അച്ഛൻ -മകൻ കോംബിനേഷനായി തിലകൻ – മോഹൻ ലാൽ കൂട്ടുകെട്ട് വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇൻഡസ്ട്രിയൽ ഹിറ്റുകളായ ഈ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകർ ആവേശത്തോടു കൂടി കണ്ടു കൊണ്ടേയിരിക്കുന്നു.
ഏറെ രസകരമായ ഒരു പശ്ചാത്തലത്തിൽ നിന്നാണ് ലോഹിതദാസ് കിരീടത്തിൻ്റെ പ്രമേയത്തെ കണ്ടടുക്കുന്നത് .മധ്യകേരളത്തിലെ ഒരു ഉൾനാടൻ പ്രദേശത്ത് ഭീകരനായ റൗഡിയെ ഭയന്നാണ് ആളുകൾ കഴിഞ്ഞു കൂടിയിരുന്നത്. പ്രധാന സ്ഥലമായ ഷാപ്പിൽ മെയിൻ സീറ്റ് റൗഡിക്കുള്ളതായിരുന്നു .അതറിയാതെ അവിടെ പുതിയതായി എത്തിയ മര ആശാരി ആ സീറ്റിൽ കയറി ഇരുന്ന് കള്ളു ഓർഡർ ചെയ്തു .റൗഡി വന്നപ്പോൾ തൻ്റെ സീറ്റിലെ ആളെക്കണ്ട് കുപിതനായി കള്ള് തട്ടിക്കളഞ്ഞു. ദേഷ്യം വന്ന ആശാരി സഞ്ചിയിൽ നിന്നും കൊട്ടു വടിയെടുത്ത് അടിച്ച് ഭീകരനെ താഴെ വീഴ്ത്തി.അതിനു ശേഷമാണ് ആശാരി കഥകൾ അറിയുന്നത്. ഭയന്നു വിറച്ച അയാളും കുടുംബവും രാത്രിക്കു രാത്രി നാടുവിട്ടോടി. പ്രാദേശികമായ ഈ കഥയിൽ ആശാരി നാടുവിട്ടോടിയില്ലെങ്കിൽ എന്തു ചെയ്യുമെന്ന് ലോഹിതദാസ് ആലോചിച്ചതിൽ നിന്നാണ് കിരീടത്തിൻ്റെ പിറവി [കടപ്പാട് -:—- ലോഹിതദാസിൻ്റെ ഓർമ്മക്കുറിപ്പുകൾ ]
1989 ജൂലൈ 7നു റിലീസായ കിരീടം മലയാളിയുടെ കണ്ണുകളെ ഈറനണിയിച്ചു.പരിമിതമായ സാഹചര്യങ്ങളിൽ നിന്നു കൊണ്ട് സിബി മലയിൽ ഒരുക്കിയ ദ്യശ്യഭാഷയും അതിഗംഭീരമായിരുന്നു. വെള്ളം പനിച്ചു കിടക്കുന്ന വഴിയിലൂടെ ഏകനായി നടന്നു നീങ്ങുന്ന സേതുവിൻ്റെ ദൃശ്യം ചലച്ചിത്ര പ്രേക്ഷകരുടെ ഉള്ളിലുണ്ട്.കീരിക്കാടനെ കീഴ്പ്പെടുത്തിയ സേതുവിന് മുറപ്പെണ്ണും മാതാപിതാക്കളുമെല്ലാം നഷ്ടമാകുമ്പോൾ ഒരു ചാവേറിനെപ്പോലെ പൊരുതി ചാകാൻ സേതു തയ്യാറാകുന്നു .കീരിക്കാടനെ കൊന്ന് കൊലവിളിച്ച് വയലൻറായി നിൽക്കുന്ന സേതുവിനെ കീഴടക്കുന്നത് അച്ഛൻ്റെ വാക്കുകളായിരുന്നു.”മോനേ…. കത്തി താഴെയിടടാ ..’…. നിൻ്റെ അച്ഛനാ പറയുന്നത് …… കത്തി താഴെയിടടാ…………” അച്ഛൻ്റെ ഹൃദയ വ്യഥയ്ക്കു മുന്നിൽ സേതു കീഴടങ്ങുന്നു. സേതുമാധവൻ്റെ പോലീസ് വേരിഫിക്കേഷൻ റിപ്പോർട്ടു നൽകുന്ന അച്ചുതൻ നായർ അയാളൊരു നൊട്ടോറിയസ് ക്രിമിനലാണെന്നു സാക്ഷ്യപ്പെടുത്തുന്നു .നീതിബോധത്തിലും ധാർമികതയിലും ഉറച്ചു നിന്ന അച്ചുതൻ നായർ എന്ന വ്യക്തിക്ക് വ്യക്തി പരമായി എല്ലാം നഷ്ടപ്പെടലുകളുണ്ടായിട്ടും ആ പാതയിൽ നിന്ന് അയാൾ വ്യതിചലിച്ചില്ല
രശ്മി അനിൽ
Post Your Comments