GeneralLatest NewsMollywoodNEWS

ലാലേട്ടനും മില്‍ഖ സിംഗും മത്സരിച്ചു ഓടുകയായിരുന്നു: ഓർമ്മകൾ പങ്കുവച്ചു വി. എ ശ്രീകുമാര്‍

83 വയസ്സിലെ അദ്ദേത്തിന്റെ ഊര്‍ജ്ജത്തിനും പ്രസരിപ്പിനും മുന്നില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല

കൊച്ചി : കഴിഞ്ഞ ദിവസം വിടവാങ്ങിയ ഇന്ത്യയുടെ ഇതിഹാസ താരം മില്‍ഖ സിംഗിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ വി.എ ശ്രീകുമാര്‍. 2013ല്‍ കൊച്ചി കോര്‍പ്പറേഷന് വേണ്ടി നടത്തിയ ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണിനായി മോഹന്‍ലാലിനൊപ്പം പങ്കെടുത്ത മില്‍ഖയെക്കുറിച്ചുള്ള ഓർമ്മകളാണ് ശ്രീകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

വി.എ ശ്രീകുമാറിന്റെ കുറിപ്പ്:

2013ല്‍ കൊച്ചി കോര്‍പ്പറേഷന് വേണ്ടിയാണ് പുഷ് ഇന്റഗ്രേറ്റഡ് ‘കൊച്ചി ഇന്റര്‍നാഷണല്‍ ഹാഫ് മാരത്തണ്‍’ എന്ന ഐഡിയ സമര്‍പ്പിക്കുന്നത്. അത് അംഗീകരിക്കപ്പെട്ടതോടെ ലാലേട്ടനെയും ഇന്ത്യയുടെ പറക്കും ഇതിഹാസം മില്‍ഖാ സിംഗിനെയും പ്രോഗ്രാമിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍മാരായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമാകാന്‍ ശ്രീ. മില്‍ഖാ സിംഗിന് വളരെ താല്‍പര്യമായിരുന്നു.

read also: സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി: രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന സിനിമാക്കാരുടെ കച്ചവടം പൂട്ടിയെന്ന് കങ്കണ

രണ്ടായിരുന്നു കാരണങ്ങള്‍ – മോഹന്‍ലാലും, ദൈവത്തിന്റെ സ്വന്തം നാടായ കേരളവും. ഫോര്‍ട്ട് കൊച്ചിയിലും, കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും പൊരി വെയിലത്തായിരുന്നു ഷൂട്ടിംഗ്. അദ്ദേഹം തളര്‍ന്നതേയില്ല. ഷോട്ടിന് വേണ്ടതിനേക്കാള്‍ ദൂരം അദ്ദേഹം ഓടി, അതും നിറഞ്ഞ ചിരിയോടെ! 83 വയസ്സിലെ അദ്ദേത്തിന്റെ ഊര്‍ജ്ജത്തിനും പ്രസരിപ്പിനും മുന്നില്‍ ഞങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതായിരുന്നു സത്യം.

ലാലേട്ടനും അദ്ദേഹവും മത്സരിച്ചു ഓടുകയായിരുന്നു എന്ന് പറയാം. ഷൂട്ടിന് കണ്ടു നിന്ന നൂറു കണക്കിന് ആളുകളിലും ഞങ്ങളിലും ആവേശം പരത്തി ഈ രണ്ടു താരങ്ങളും നിറഞ്ഞ ചിരിയോടെ ആവേശത്തോടെ പ്രോഗ്രാമിന്റെ ഭാഗമായി. കേരളത്തില്‍ നടന്ന ആദ്യത്തെ ഇന്റര്‍നാഷണല്‍ മാരത്തണ്‍ ആയിരുന്നു ഇത്. രണ്ടു ദിവസം പ്ലാന്‍ ചെയ്ത ഷൂട്ട് ഒരു ദിവസം കൊണ്ട് തീര്‍ത്തു.

ലാലേട്ടന്റെ ആരാധകനായിരുന്നു അദ്ദേഹം, ലാലേട്ടനാകട്ടെ ഇക്കാലയളവില്‍ തന്റെ സ്വസിദ്ധമായ ശൈലിയില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറി. ശരിയായ പ്ലാനിങ് ഇല്ലാത്തതാണ് നമുക്ക് കൂടുതല്‍ സ്‌പോര്‍ട്‌സ് താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയാത്തത് എന്നും, തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ അതിനായി പ്രയോജനപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും ഇതിനായി ലാലേട്ടന്റെ സഹകരണം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.

ഏതു പ്രതിസന്ധിയിലും എനിക്ക് ആശ്വാസമാകുന്ന ഒരു കാര്യമുണ്ട് – കുറെ നല്ല ആളുകളുടെ സാമീപ്യവും സൗഹൃദവും നേടാന്‍ ഈ ജീവിതത്തില്‍ സാധിച്ചിട്ടുണ്ട്, ചില ചരിത്രനിമിഷങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട മില്‍ഖാ സിംഗ് അതിലൊന്നാണ്…ലാളിത്യമുള്ള ഒരു ഇതിഹാസമാണ് ഇന്ന് നമ്മളോട് വിട വാങ്ങിയിരിക്കുന്നത്. പ്രണാമം!

shortlink

Related Articles

Post Your Comments


Back to top button