ബ്ലെസ്സി സംവിധാനം ചെയ്ത ‘തന്മാത്ര’യിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച രമേശൻ നായരുടെ ഭാര്യ ലേഖയായി വേഷമിട്ട മീര വാസുദേവ് തനിക്ക് ഇനി സിനിമയിൽ ചെയ്യാൻ ആഗ്രഹമുള്ള വേഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. താൻ അൻപത് കഴിഞ്ഞ മധ്യവയസ്കയാണെന്നാണ് പലരുടെയും ധാരണയെന്നും ‘തന്മാത്ര’യാണ് അതിന് കാരണമെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ മീര വാസുദേവ് പറയുന്നു.
‘എനിക്ക് ഇനി ആക്ഷൻ സിനിമകൾ ചെയ്യാനാണ് ഏറ്റവും ഇഷ്ടം. ഞാൻ കിക്ക് ബോക്സിംഗ് പഠിച്ചതാണ്. എന്നെ കൊണ്ട് ആക്ഷന്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കും, ഉറപ്പാണ്. ‘തന്മാത്ര’ ചെയ്തിട്ട് വർഷങ്ങൾ ഒരുപാടായി. ഇപ്പോഴും ആ സിനിമ ചെയ്തപ്പോഴുള്ള അതേ വയസ്സ് മാത്രമേ എനിക്ക് തോന്നൂള്ളൂ. എന്നെക്കുറിച്ച് പലരും വിചാരിച്ചിരിക്കുന്നത് എനിക്ക് അൻപത് വയസ്സ് കഴിഞ്ഞുവെന്നാണ്. അതിന്‍റെ കാരണം ‘തന്മാത്ര’ എന്ന ചിത്രം തന്നെയാണ്. കാരണം ഞാനതിൽ നാൽപ്പത് വയസ്സിനടുത്ത് പ്രായമുള്ള അമ്മ കഥാപാത്രമായിട്ടാണല്ലോ അഭിനയിച്ചത്!. എൻ്റെ ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ഞാൻ ചെയ്ത സിനിമയാണ് ‘തന്മാത്ര’. ആളുകൾ എന്നെ ഇപ്പോഴും കാണുന്നത് ആ കഥാപാത്രമായിട്ടു തന്നെയാണ്. പക്ഷേ പുറത്ത് ഞാൻ മറ്റൊരാളാണ്. ലുലു മാളിലൊക്കെ പോകുമ്പോൾ ഞാൻ മുഖം മറച്ചു പോകാറില്ല. എന്നെ അവർക്ക് പെട്ടെന്ന് പിടി കിട്ടില്ല എന്ന് ഉറപ്പാണ്. ഇനി അഥവാ നമ്മളെ നോക്കി ചിരിച്ചിട്ട് തന്മാത്രയിലെ നടിയല്ലേ എന്ന് എങ്ങാനും ചോദിച്ചാൽ അല്ല എന്ന് പറഞ്ഞാലും അവർ വിശ്വസിച്ചോളും’. മീര വാസുദേവ് പറയുന്നു
Post Your Comments