ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരമായി മില്‍ഖാ സിംഗിന് ആദരാജ്ഞലി അർപ്പിച്ച് നടൻ ഫര്‍ഹാന്‍ അക്തര്‍. നിങ്ങള്‍ ഇനിയും ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ തന്‍റെ മനസിന്‍റെ ഒരു ഭാഗം വിമുഖത കാട്ടുകയാണെന്ന് ഫര്‍ഹാന്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മില്‍ഖാ സിംഗിന്‍റെ ജീവിതം പറഞ്ഞ ബോളിവുഡ് ചിത്രം ‘ഭാഗ് മില്‍ഖ ഭാഗി’ല്‍ മില്‍ഖ സിംഗ് ആയി അഭിനയിച്ചത് ഫര്‍ഹാന്‍ ആയിരുന്നു.
ഫര്‍ഹാന്‍ അക്തറിന്‍റെ കുറിപ്പ്:
“പ്രിയ മില്‍ഖാജി, നിങ്ങള്‍ ഇനി ഇവിടെയില്ല എന്നത് ഉള്‍ക്കൊള്ളാന്‍ എന്‍റെ മനസിന്‍റെ ഒരു ഭാഗം തയ്യാറാവുന്നില്ല. ഒരുപക്ഷേ നിങ്ങളില്‍നിന്നുതന്നെ ആര്‍ജ്ജിച്ചെടുത്ത ആ കരുത്ത് കാരണമാവാം അത്. ഒരു കാര്യം തീരുമാനിച്ചാല്‍ ഒരിക്കലും പിന്മാറരുതെന്ന് തോന്നിപ്പിക്കുന്ന മനസിന്‍റെ ആ വശം. നിങ്ങള്‍ എക്കാലവും ജീവനോടെ ഇവിടെയുണ്ടാവും എന്നതാണ് സത്യം. ഹൃദയാലുവും സ്നേഹസമ്പന്നനുമായ, ബന്ധങ്ങളില്‍ ഊഷ്‍മളതയുള്ള, സാധാരണക്കാരനായ ഒരു മനുഷ്യന്‍ എന്നതിനേക്കാള്‍ അപ്പുറമായിരുന്നു നിങ്ങള്‍. ഒരു ആശയത്തെയാണ് നിങ്ങള്‍ പ്രതിനിധാനം ചെയ്‍തത്, ഒരു സ്വപ്‍നത്തെ. നിങ്ങളുടെ തന്നെ വാക്കുകള്‍ എടുത്താല്‍, സത്യസന്ധതയും കഠിനാധ്വാനവും ധൃഢനിശ്ചയവും എങ്ങനെ ഒരു മനുഷ്യനെ സ്വന്തം കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ പ്രാപ്തനാക്കുമെന്നും ആകാശത്തെ തന്നെ തൊടാന്‍ കഴിവുള്ളവനാക്കുമെന്നും നിങ്ങള്‍ പഠിപ്പിച്ചു. ഞങ്ങള്‍ ഏവരുടെയും ജീവിതങ്ങളെ നിങ്ങള്‍ സ്‍പര്‍ശിച്ചു. ഒരു അച്ഛനായും സുഹൃത്തായും നിങ്ങളെ അറിയാനായവര്‍ക്ക്, അതൊരു അനുഗ്രഹം പോലെയായിരുന്നു. അങ്ങനെ അല്ലാത്തവരെ സംബന്ധിച്ച് പ്രചോദനത്തിന്‍റെ ഒരു നിലയ്ക്കാത്ത ഉറവിടവും വിജയത്തിലും കൂടെനിര്‍ത്തേണ്ട വിനയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുമായിരുന്നു നിങ്ങള്‍. മുഴുവന്‍ ഹൃദയത്തോടെയും നിങ്ങളെ ഞാന്‍ സ്നേഹിക്കുന്നു.”
കൊവിഡ് ബാധിതനായി ചികിത്സയില്‍ തുടരുന്നതിനിടെയാണ് മില്‍ഖാ സിംഗ് വിടവാങ്ങിയത്. 91 വയസായിരുന്നു. കൊവിഡ് ബാധിതനായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഛത്തീസ്ഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനുമായിരുന്ന നിര്‍മല്‍ കൗര്‍ അഞ്ചുദിവസങ്ങള്‍ക്കുമുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തൊട്ടു പിന്നാലെയായിരുന്നു മില്‍ഖാ സിംഗിന്റെ വിയോഗവും.
Post Your Comments