അന്തരിച്ച കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായരെ അനുസ്‍മരിച്ച് സംവിധായകന്‍ ലാല്‍ജോസ്. തന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രമായ ‘ചന്ദ്രനുദിക്കുന്ന ദിക്കി’ലെ എസ് രമേശന്‍ നായർ എഴുതിയ പാട്ടുകളെ കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ലാൽജോസ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കിട്ടത്. ചിത്രത്തിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാല്‍ സമൃദ്ധമാക്കിയെന്ന് ലാല്‍ജോസ് കുറിക്കുന്നു.
ലാല്‍ജോസിന്‍റെ കുറിപ്പ്:
‘ചന്ദ്രനുദിക്കുന്ന ദിക്കിലെ’ഒരു കുഞ്ഞുപൂവിന്റെ ഇതളിൽ നിന്നൊരു തുളളി മധുരം ഒന്ന് കേട്ടുനോക്കൂ. ഉപാസനാമൂർത്തിയോട് അക്ഷരവരം യാചിക്കുന്ന കവിയെ കാണാം. കുടവുമായി പോകുന്ന അമ്പാടി മുകിൽ ഹൃദയത്തിൽ തളിക്കുന്ന അമൃതായിരുന്നു രമേശൻനായർ സാറിന് കവിത. അത്രമേൽ ബഹുമാനത്തോടെ, പ്രാർത്ഥനയോടെ കവിതയെ സമീപിച്ച എഴുത്തുകാരൻ. മനം കുളിർക്കണ പുലരിമഞ്ഞും സൂര്യകാന്തിപ്പൂക്കളും ആമ്പാടി പയ്യുകളും ഉളള ചന്ദ്രനുദിക്കുന്ന ദിക്കിലെ ഫാന്റസി ഗ്രാമത്തെ അദ്ദേഹം പാട്ടുകളാൽ സമൃദ്ധമാക്കി. വിദ്യാജിയും ഞാനും വിദ്യാർത്ഥികളായി മാഷിന്‍റെ മുമ്പിലെന്നപോലെയിരുന്ന ആ പാട്ട്കാലം . കാണാതീരത്തേക്ക് യാത്രപോയ കവിയെക്കുറിച്ചുളള ആ നല്ല ഓർമ്മകൾക്കു മുമ്പിൽ എന്‍റെ പ്രണാമം’- ലാൽജോസ് കുറിച്ചു.
കൊവിഡ് ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 1985-ൽ പുറത്തിറങ്ങിയ ‘രംഗം’ എന്ന ചിത്രത്തിലൂടെയായിരുന്നു രമേശൻ നായർ സിനിമാ ഗാനം എഴുതി തുടങ്ങിയത്. പിന്നീട് അഞ്ഞൂറോളം സിനിമാഗാനങ്ങളും ആയിരത്തോളം ഭക്തിഗാനങ്ങളും അദ്ദേഹത്തിന്‍റെ രചനയില്‍ പുറത്തിറങ്ങി.
Post Your Comments