
കൊച്ചി: മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ വൻ വിജയമാണ് നേടിയത്. തുടർന്ന് ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുന്നതായി പിന്നണി പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആരവത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ താൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ‘എമ്പുരാൻ’ ആയിരിക്കില്ല എന്ന പൃഥ്വിരാജ് വ്യക്തമാക്കിയിരിക്കുകയാണ്.
എമ്പുരാന് മുന്നേ മോഹൻലാൽ നായകനായി ‘ബ്രോ ഡാഡി’ എന്ന ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് പൃഥ്വിരാജ്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിയും പ്രധാന വേഷത്തിലെത്തും. കല്യാണി പ്രിയദർശൻ, മീന, കനിഹ, മുരളി ഗോപി, സൗബിൻ, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രം ഒരു കോമഡി ഫാമിലി ഡ്രാമയാണെന്നും ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചു. ബിബിൻ മാളിയേക്കൽ ശ്രീജിത്ത് എൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. അഭിനന്ദൻ രാമാനുജം ചിത്രത്തിന്റെ ഛായഗ്രഹണവും, ദീപക് ദേവ് സംഗീത സംവിധാനവും നിർവഹിക്കും.
Post Your Comments